വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ സമരംചെയ്യുന്ന ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും | ഫോട്ടോ: പി.ടി.ഐ

കൊല്‍ക്കത്ത: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി. ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാനും ശ്രമം നടത്തിയെന്ന് പോലീസ്. വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയശേഷം താമസസ്ഥലത്തെത്തിയ പ്രതി വസ്ത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, വീട്ടില്‍നിന്ന് കണ്ടെടുത്ത ഷൂവില്‍ രക്തക്കറ കണ്ടെത്തിയതായും ഇത് കേസില്‍ നിര്‍ണായക തെളിവാണെന്നും പോലീസ് പറഞ്ഞു.

31-കാരിയായ പി.ജി. ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ സിവിക് വൊളണ്ടിയറായി ജോലിചെയ്തിരുന്ന സഞ്ജയ് റോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുരോഗ വിഭാഗത്തിലെ സെമിനാര്‍ ഹാളിലാണ് ചോരയില്‍കുളിച്ച നിലയില്‍ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

ശരീരമാസകലം മുറിവേറ്റ ഡോക്ടര്‍, ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ സഹായിച്ചത്. തുടര്‍ന്ന് സഞ്ജയ് റോയിയെ ശനിയാഴ്ച തന്നെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ക്രൂരമായ കൊലയ്ക്ക് ശേഷം വീട്ടില്‍ പോയി കിടന്നുറങ്ങി

വെള്ളിയാഴ്ച പുലര്‍ച്ചെ വനിതാ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയശേഷം പ്രതി താമസസ്ഥലത്തേക്ക് മടങ്ങിയെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ ഇയാള്‍ കിടന്നുറങ്ങി. എഴുന്നേറ്റശേഷം കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി. എന്നാല്‍, പ്രതി ധരിച്ചിരുന്ന ഷൂവില്‍ രക്തക്കറ അവശേഷിച്ചിരുന്നു. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഈ ഷൂ കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു.

ഒറ്റയ്‌ക്കെന്ന് നിഗമനം, അന്വേഷണം സുതാര്യമെന്ന് പോലീസ്

നിലവില്‍ സഞ്ജയ് റോയി അല്ലാതെ മറ്റാര്‍ക്കും കൃത്യത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, സംഭവത്തില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കൂടി ലഭിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു.

യുവതിയുടെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നതായാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണുകളില്‍നിന്നും വായില്‍നിന്നും ചോരയൊലിക്കുന്നനിലയിലായിരുന്നു മൃതദേഹം. കഴുത്തിലും ഇടതുകാലിലും വലതുകൈയിലും ചുണ്ടുകളിലും മാരകമായ മുറിവേറ്റിരുന്നു. സാഹചര്യത്തെളിവുകളടക്കം പരിശോധിക്കുമ്പോള്‍ കൊലപ്പെടുത്തിയതിന് ശേഷമാണോ വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വ്യക്തത ലഭിക്കണമെങ്കില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണമെന്നും പോലീസ് പറഞ്ഞു.

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ | Photo: ANI

അതേസമയം, വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം തുടരുകയാണ്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ സമരംചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി സിറ്റി പോലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ കഴിഞ്ഞദിവസവും ചര്‍ച്ച നടത്തി. അന്വേഷണം സുതാര്യമാണെന്നും കേസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ആരെയും സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ അവര്‍ സംതൃപ്തരാണെന്നാണ് പോലീസ് കരുതുന്നത്. അവരുടെ ആവശ്യപ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമരം തുടരുന്നു, പ്രിന്‍സിപ്പല്‍ രാജിവെച്ചു

വനിതാഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധം തുടരുകയാണ്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങള്‍ തടസ്സപ്പെട്ടു.

വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ നടത്തിയ മാര്‍ച്ച് | Photo: ANI

തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. ‘സുരക്ഷ ഇല്ലെങ്കില്‍ സേവനവും ഇല്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കുത്തിയിരിപ്പ് സമരം തുടരുന്നത്. അക്രമത്തില്‍ ഒന്നിലധികംപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്ന് ആശങ്ക പ്രകടിപ്പിച്ച ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സി.സി.ടി.വി. ദൃശ്യങ്ങളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, വീഴ്ചവരുത്തിയ വകുപ്പ് തലവന്‍മാര്‍, സുരക്ഷാചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പുറത്താക്കണമെന്നതും ഡോക്ടര്‍മാരുടെ ആവശ്യങ്ങളിലുണ്ട്.

അതിനിടെ, ആര്‍.ജി. കര്‍ മെഡി.കോളേജ് സൂപ്രണ്ട് സഞ്ജയ് വസിഷ്ഠിനെ തൽസ്ഥാനത്തുനിന്ന് നീക്കി. ഞായറാഴ്ചയാണ് സൂപ്രണ്ടിനെതിരേ നടപടിയുണ്ടായത്. ഇതിനുപിന്നാലെ തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ് തൽസ്ഥാനത്തുനിന്ന് രാജിവെച്ചു. സമരംചെയ്യുന്ന ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു പ്രിന്‍സിപ്പലിന്റെ രാജി.

ഒരുരക്ഷിതാവെന്ന നിലയില്‍ താന്‍ രാജിവെക്കുന്നു എന്നായിരുന്നു പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ പ്രതികരണം. ഭാവിയില്‍ ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. കൊല്ലപ്പെട്ട ഡോക്ടര്‍ എനിക്ക് മകളെപ്പോലെയായിരുന്നു. എന്നാല്‍, ക്രൂരമായ കുറ്റകൃത്യത്തിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ. അന്വേഷണംആവശ്യപ്പെട്ട് നഡ്ഡയ്ക്ക് കത്ത്

സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്ക്ക് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് സുകന്ദ മജുംദാര്‍ കത്തയച്ചു. അതേസമയം, അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി ഇയാളെ 23 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. കൃത്യം നടന്ന മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ പോലീസ് സംഭവം പുനരാവിഷ്‌കരിക്കുകയുംചെയ്തു. കഴിഞ്ഞദിവസവും സെമിനാര്‍ ഹാളില്‍ ശാസ്ത്രീയതെളിവുശേഖരണം നടന്നു.