ക്വീനി ഹലേഗ്വ
മട്ടാഞ്ചേരി: കൊച്ചിയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ജൂതവനിതയായ ക്വീനി ഹലേഗ്വ (89) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്ന രണ്ട് ജൂതവംശജരിൽ ഒരാളായിരുന്നു. കൊച്ചിയിലെ പ്രമുഖ വ്യവസായിയായിരുന്ന എസ്. കോഡറിന്റെ മകളാണ്.
മട്ടാഞ്ചേരി പരദേശി സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റിയായിരുന്നു. എസ്. കോഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാർട്ണറുമായിരുന്നു. കൊച്ചി പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വലിയ സംഭാവന നൽകിയ കുടുംബത്തിലെ അംഗമാണിവർ. കൊച്ചിയിൽ വൈദ്യുതി വിതരണം, ബോട്ട് സർവീസ് എന്നിവയൊക്കെ ആദ്യമായി ഏർപ്പെടുത്തിയത് ഇവരുടെ കുടുംബമാണ്.
ഭർത്താവ്: പരേതനായ സാമുവൽ ഹലേഗ്വ. മക്കൾ: ഫിയോണ, ഡേവിഡ് (ഇരുവരും യു.എസ്.എ.). മരുമക്കൾ: അലം, സിസി. മരണസമയത്ത് മക്കൾ അടുത്തുണ്ടായിരുന്നു. ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ സംസ്‌കാരം നടത്തി.
കൊച്ചിയിലെ യഹൂദരിൽ ശേഷിക്കുന്നത് ഇനി ഒരേയൊരാൾ
മട്ടാഞ്ചേരി: ക്വീനി ഹലേഗ്വ എന്ന ജൂതവനിത ലോകത്തോട് വിടവാങ്ങുമ്പോൾ, കൊച്ചിയിലെ ജൂതവംശ ചരിത്രം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ ഇനി അവശേഷിക്കുന്നത് ഒരേയൊരു യഹൂദൻ മാത്രം.
കൊച്ചിയിലെ യഹൂദ ജീവിതം നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്നതാണ്. മട്ടാഞ്ചേരി ബസാറിനോട് ചേർന്നുള്ള തെരുവുകളിലെല്ലാം ഒരു കാലത്ത് താമസിച്ചിരുന്നത് യഹൂദരായിരുന്നു. പരദേശി വിഭാഗത്തിൽപ്പെട്ടവരും കറുത്ത ജൂതർ എന്നറിയപ്പെട്ടവരും കൊച്ചിയിലുണ്ടായിരുന്നു. രണ്ട് കൂട്ടർക്കും പ്രത്യേക പള്ളികളും. കൊച്ചിയിലെ പ്രധാന വ്യവസായങ്ങളെല്ലാം നടത്തിയിരുന്നത് യഹൂദരാണ്. നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ കൊച്ചിക്ക് സ്വന്തം നിലയിൽ സ്വകാര്യമേഖലയിൽ വൈദ്യുതിവിതരണ സംവിധാനമുണ്ടായിരുന്നു. കൊച്ചിൻ ഇലക്‌ട്രിക് കമ്പനി എന്ന ആ പ്രസ്ഥാനം നടത്തിയിരുന്നത് യഹൂദനായ എസ്.എസ്. കോഡറായിരുന്നു. പിൽക്കാലത്ത് ആ കമ്പനി സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഏറ്റെടുത്തു. കൊച്ചിയിൽ ആദ്യമായി ജലഗതാഗത സർവീസുകൾ തുടങ്ങിയതും കോഡറാണ്.
ഒരു സമൂഹത്തിന് ആവശ്യമായ മുഴുവൻ നിത്യോപയോഗ വസ്തുക്കളും വിൽക്കുന്ന കടകൾ കോഡറിനുണ്ടായിരുന്നു. ‘കോഡറിന്റെ കട’ എന്ന പേര് കൊച്ചിയിലെ പഴമക്കാരുടെ മനസ്സിൽ ഉറച്ച് പോയതാണ്.
ഫോർട്ട്കൊച്ചിയിലെ കോഡർ ബിൽഡിങ്ങും പ്രസിദ്ധമാണ്. മനോഹരമായ ആ കെട്ടിടം ഇന്നും യഹൂദ സ്മരണയുമായി തലയുയർത്തി നിൽക്കുന്നു. കൊച്ചിയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രം ഇന്നും പരദേശി സിനഗോഗ് തന്നെയാണ്.
ജൂതന്മാർ തിങ്ങിത്താമസിച്ചിരുന്ന തെരുവിന് ജൂതത്തെരുവ് എന്ന് പേര് വീണു. ആ തെരുവിന്റെ ഇരുവശത്തും ജൂതരുടെ കടകളായിരുന്നു. കൊച്ചിയിലെ ജൂതരെല്ലാം പല ഘട്ടങ്ങളിലായി ഇസ്രയേലിലേക്ക് മടങ്ങി. പ്രായമായവരും കുട്ടികളുമൊക്കെ മടങ്ങിപ്പോയി. ഇസ്രയേലിൽ നിന്ന് ഇടയ്ക്കിടെ ഇവർ കൊച്ചിയിലെത്താറുണ്ട്. എല്ലാവരും മടങ്ങിയതോടെ, പള്ളിയിൽ പ്രാർഥന നടത്താൻ പോലും ആളില്ലാതായി. പ്രാർഥനയ്ക്ക് നിശ്ചിത എണ്ണം വിശ്വാസികൾ വേണം. ഇത് തികയ്ക്കാൻ ബുദ്ധിമുട്ടാണ്. പലപ്പോഴും മറ്റ് പ്രദേശത്ത് നിന്നുള്ളവരെ കൊണ്ടുവന്ന് പ്രാർഥന നടത്തിയിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ജൂതഭവനങ്ങളൊക്കെ അതേ പോലെ ഇപ്പോഴുമുണ്ട്. പക്ഷേ, അവിടെയൊന്നും ജൂതരില്ല. ഇനി അവശേഷിക്കുന്നത് ഇപ്പോൾ മരിച്ച ക്വീനി ഹലേഗ്വയുടെ ബന്ധു കൂടിയായ കീറ്റ് ഹലേഗ്വ മാത്രം.
