സരിത തിരുമുല്ലവാരത്ത് പണിത വീട്, സരിത
കൊല്ലം: ആശ്രാമത്ത് കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയ റിട്ട. ബി.എസ്.എൻ.എൽ അസി. ജനറൽ മാനേജർ പാപ്പച്ചന്റെ മുഴുവൻ സമ്പാദ്യവും തട്ടിയെടുക്കാനായിരുന്നു ധനകാര്യസ്ഥാപന മാനേജരായിരുന്ന സരിതയുടെ പദ്ധതി.
ഇരുപതുവർഷംമുൻപ് പെൻഷനായ പാപ്പച്ചൻ ആനുകൂല്യമടക്കമുള്ള തുക വെറുതേ കളഞ്ഞിരുന്നില്ല. ഓഹരിവിപണിയിൽ ശ്രദ്ധയോടെ ഇടപെടുകയും ബുദ്ധിപൂർവം ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആളായിരുന്നു. കൊല്ലപ്പെടുന്നതിന് ഒരുമാസംമുൻപ് കൊല്ലം ജവഹർ ബാലഭവനു സമീപമുള്ള ഇന്ത്യ ഇൻഫോലൈൻ ഷെയർട്രേഡിങ് എന്ന സ്ഥാപനംവഴി 50 ലക്ഷം രൂപയുടെ ഓഹരി വിറ്റ് പണം പിൻവലിച്ചിരുന്നു. ഈ പണം സരിത മാനേജരായ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പൂർണമായും നിക്ഷേപിച്ചോയെന്നുള്ള വിവരം പോലീസ് പരിശോധിച്ച് വരുന്നേയുള്ളൂ.
പഞ്ചാബ് നാഷണൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവിടങ്ങളിലും പാപ്പച്ചന് അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇവിടങ്ങളിലും ധനകാര്യസ്ഥാപനത്തിലുമായി എത്ര തുക ശേഷിക്കുണ്ടെന്നും കമ്പനികളുടെ എത്ര ഓഹരികൾ വിൽക്കാൻ ബാക്കിയുണ്ടെന്നുമെല്ലാം പോലീസ് പരിശോധിക്കുന്നു. നഗരത്തിൽ ശങ്കേഴ്‌സ് ആശുപത്രിക്കു സമീപം കൈരളി നഗറിൽ താമസിച്ചിരുന്ന ഇരുനില വീടുൾപ്പെടെ മൂന്നരക്കോടിയിലേറെ രൂപയുടെ ആസ്തിയുള്ളയാളാണ് പാപ്പച്ചൻ. പാപ്പച്ചന്റെ കൈയ്യിൽ നിന്ന് ഇരുപതുവീതം ചെക്ക് ലീഫുകളുള്ള രണ്ട് ചെക്ക്ബുക്കുകൾ സരിത ഒപ്പിട്ടുവാങ്ങിയിരുന്നു. വിശ്വാസം നേടിയെടുത്തശേഷമാണ് ഇവ കൈവശപ്പെടുത്തിയത്. രണ്ട് ബാങ്കുകളുടെയും ചെക്ക്ബുക്കുകൾ ഇതിലുണ്ട്.
ഭേദപ്പെട്ട പലിശ, നിക്ഷേപം ഇടുമ്പോൾ ലഭിക്കേണ്ട ഇൻസെന്റീവ് (സ്ഥിരനിക്ഷേപം കാൻവാസ് ചെയ്യുമ്പോൾ സ്ഥാപനം ജീവനക്കാർക്ക് നൽകുന്ന പ്രോത്സാഹനത്തുക) എന്നിവ വാഗ്‌ദാനം ചെയ്താണ് സരിത പാപ്പച്ചനെ ധനകാര്യസ്ഥാപനത്തിലേക്ക് ആകർഷിച്ചത്. പാപ്പച്ചൻ ഷെയർ കമ്പനിയിൽ മാത്രമേ അവകാശിയെ വെച്ചിരുന്നുള്ളൂ. സരിതയുടെ ധനകാര്യസ്ഥാപനത്തിൽ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റാണ് നൽകിയിരുന്നത്.
നിധി ലൈസൻസ് സംവിധാനമായിരുന്നതിനാൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് അംഗീകാരത്തോടെ നൽകുന്ന എൻ.സി.ഡി. (നോൺ കൺവെർട്ടബിൾ ഡിബഞ്ചർ) ഇവിടെ നൽകാത്തതും അവകാശി വയ്ക്കണമെന്നത് നിർബന്ധമില്ലാതിരുന്നതും സരിതയ്ക്ക് എളുപ്പമായി. പുറത്തുനിന്നുള്ള പണം വന്നാൽ പലിശ പ്രലോഭനത്തിൽ വീഴ്ത്തി കുറേശ്ശെയായി പിൻവലിക്കാമെന്ന തന്ത്രമാണ് നടപ്പാക്കിയത്.

കൊലപാതകത്തിന് ഉപയോഗിച്ച കാർ, സി. പാപ്പച്ചൻ
ദുരൂഹതകൾ നിറഞ്ഞ് സരിതയുടെ ജീവിതം
കൊല്ലം: വിരമിച്ച ബി.എസ്.എൻ.എൽ. അസിസ്റ്റന്റ് ജനറൽ മാനേജർ സി.പാപ്പച്ചന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ സരിതയുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞത്. കൊല്ലം നഗരത്തിൽ വിവിധയിടങ്ങളിൽ മാതാപിതാക്കൾക്കും മകനുമൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന സരിത, ആരുമായും അടുത്തിടപഴകിയിരുന്നില്ല.
നീണ്ടകര സ്വദേശിയായ ഒരു അഭിഭാഷകനുകീഴിൽ കൊല്ലത്ത് പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ സരിതയ്ക്ക് ജോലി ലഭിച്ചത്. അപ്പോൾ ലക്ഷ്മിനടയിലാണ് വാടകയ്ക്കു താമസിച്ചിരുന്നത്. ഒന്നരവർഷംമുമ്പാണ് ഇവിടെനിന്ന് മാറിയത്. ലക്ഷ്മിനടയിലെ മേൽവിലാസമാണ് സരിതയുടെ ആധാർ കാർഡിൽ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ബന്ധുക്കളുമായൊന്നും കുടുംബത്തിന് കാര്യമായ അടുപ്പമുണ്ടായിരുന്നിെല്ലന്നും ഇടയ്ക്ക് തിരുവനന്തപുരത്തേക്ക് താമസം മാറിയശേഷമാണ് വീണ്ടും കൊല്ലത്തേക്ക് മടങ്ങിയതെന്നും പരിചയക്കാർ പറയുന്നു.
കൊല്ലത്ത് ജനിച്ചുവളർന്നതാണ് സരിതയെന്നും ഇവർ രണ്ടു വിവാഹം ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പേരൂർക്കടയിലാണ് രണ്ടാം വിവാഹത്തെത്തുടർന്ന് ഇടയ്ക്ക് താമസിച്ചിരുന്നത്. സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ കാവനാട് ശാഖയിലും സരിത ജോലിചെയ്തിരുന്നതായി വിവരമുണ്ട്.

സി. പാപ്പച്ചൻ, പ്രതി സരിതയെ പോലീസ് ക്ലബിലേക്ക് കൊണ്ടുവരുന്നു.
പണം കൈവിട്ടു കളിക്കില്ല സമ്പാദിക്കുന്നതിൽ സമർത്ഥൻ
കൊല്ലം: സദാസമയവും സൈക്കിളിൽ. പരിചയമുള്ളവർക്കെല്ലാം അഭിവാദ്യം. രാവിലെയും വൈകീട്ടും മുപ്പതോളം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകും. ഇടവേളകളിൽ ബാങ്കിലും ജവഹർ ബാലഭവന് അടുത്തുള്ള ഓഹരി ഇടപാട് സ്ഥാപനത്തിന്റെ ഓഫീസിലുമെത്തും. ഞായറാഴ്ചകളിൽ പള്ളിയിൽ പോകും. വ്യത്യസ്തമായ വ്യക്തിത്വമായിരുന്നു പാപ്പച്ചന്റേതെന്ന് വിരമിച്ച ബി.എസ്.എൻ.എൽ. സബ് ഡിവിഷണൽ എൻജിനിയർ കെ.സുകുമാരൻ നായർ പറയുന്നു.
ആർക്കും അനാവശ്യമായി ഒരുരൂപപോലും നൽകുമായിരുന്നില്ല. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും ചെലവ് ചുരുക്കിയുള്ള ജീവിതം. 1964-ൽ ഇരുപത്തിരണ്ടാം വയസ്സിൽ സെൻട്രൽ ടെലഗ്രാഫ് ഓഫീസിൽ (കമ്പിത്തപാൽ ഓഫീസ്) ടെലഗ്രാഫിസ്റ്റായി തുടക്കം. വകുപ്പുപരീക്ഷ പാസായി ജൂനിയർ ടെലികോം ഓഫീസറായി. 2002-ൽ ബി.എസ്.എൻ.എൽ. വെള്ളയിട്ടമ്പലം ഓഫീസിൽ അസിസ്റ്റന്റ് ജനറൽ മാനേജരായാണ് വിരമിച്ചത്.

കൈരളി നഗറിലുള്ള പാപ്പച്ചന്റെ വീട്
നഗരഹൃദയത്തിൽ പത്തുസെന്റ് സ്ഥലം വാങ്ങി ഇരുനിലവീടും വെച്ചു. രാത്രിഡ്യൂട്ടി എടുത്ത് പകൽ ഫാത്തിമ കോളേജിൽ പഠിച്ച് ബി.എസ്‌സി. (ഫിസിക്സ്) ബിരുദവും നേടിയിരുന്നു. പിന്നീട് കടപ്പാക്കട സ്വദേശിയും മുളങ്കാടകം ഹൈസ്കൂൾ, കൊല്ലം ബോയ്‌സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയുമായിരുന്ന മെറ്റിൽഡയെ വിവാഹം ചെയ്തു. തുടർന്നാണ് ശങ്കേഴ്‌സ് ആശുപത്രിക്കു സമീപം ഭൂമിവാങ്ങി വീടുവെച്ചത്. മകൾ റേച്ചൽ എം.എസ്‌സി. നഴ്‌സിങ് പാസായശേഷം തിരുവനന്തപുരത്ത് അധ്യാപികയായി പ്രവർത്തിക്കുയായിരുന്നു. വിവാഹശേഷം ലക്നൗവിൽ താമസമാണ്.
