Photo: PTI

പാരീസ്: ഒളിമ്പിക്സ് അത്ലറ്റിക്സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. വെള്ളിയാഴ്ച നടന്ന 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ഫൈനൽ കാണാതെ പുറത്തായി.

ആദ്യ റൗണ്ടിലെ രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച ഇന്ത്യന്‍ പുരുഷ റിലേ ടീം 3:00.58 മിനിറ്റില്‍ ഫിനിഷ് ചെയ്ത് സീസണിലെ മികച്ച സമയം കുറിച്ചെങ്കിലും ഫൈനലില്‍ കടക്കാന്‍ സാധിച്ചില്ല. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, രാജേഷ് രമേശ് എന്നിവരടങ്ങിയ സംഘത്തിന് ഹീറ്റ്‌സില്‍ നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.

അതേസമയം ആദ്യ റൗണ്ടിലെ രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച വിത്യ രാമരാജ്, ജ്യോതിക ശ്രീ ദണ്ഡി, എം.ആര്‍ പൂവമ്മ, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ വനിതാ ടീം ഏറ്റവും അവസാനമാണ് ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 32:51 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. രണ്ടാം ഹീറ്റ്സിലുമായി മത്സരിച്ച 16 ടീമുകളില്‍ 15-ാം സ്ഥാനത്തായിരുന്നു വനിതാ ടീം.