പ്രതീകാത്മക ചിത്രം

കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ വഴി പണമിടപാടുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഇപ്പോഴിതാ യുപിഐ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).

സ്മാര്‍ട്‌ഫോണിലെ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ക്ക് വെരിഫിക്കേഷന്‍ നല്‍കാനുള്ള സൗകര്യം അവതിരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എന്‍പിസിഐ. അതായത് ഫോണിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് ഐഡി സംവിധാനങ്ങള്‍ ഉപയോഗിച്ച് യുപിഐ പണമിടപാടുകള്‍ നടത്താനാവും.

യുപിഐയുമായി ബന്ധപ്പെട്ട് പലവിധ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് എന്‍പിസിഐ ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങുന്നത്. ആളുകള്‍ അധ്വാനിച്ച് സമ്പാദിച്ച വലിയ തുക വെറും നാലോ ആറോ അക്കങ്ങളുള്ള യുപിഐ പിന്നിന്റെ സുരക്ഷയിലാണുള്ളത്. ഇക്കാരണത്താല്‍ പലപ്പോഴും തട്ടിപ്പുകാര്‍ക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാനും പണം തട്ടാനും സാധിക്കുന്നു. ഇതിന് തടയിടാനാണ് ബയോമെട്രിക് സുരക്ഷ ഒരുക്കാന്‍ എന്‍പിസിഐ ഒരുങ്ങുന്നത്.

യുപിഐ പിന്നിനൊപ്പം ഒരു അധിക സുരക്ഷയെന്നോണം ആയിരിക്കും ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യത. ഈ സംവിധാനം എന്ന് നിലവില്‍ വരുമെന്ന് വ്യക്തമല്ല.