ഗാസയിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തെത്തുടർന്ന് ഭയന്ന് കരയുന്ന പലസ്തീൻ പെൺകുട്ടി. ചിത്രം: AFP
ഗാസ∙ ഗാസയിൽ അഭയാർഥി ക്യാംപായ സ്കൂളിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ദരജ് മേഖലയിലെ സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. യുദ്ധത്തിൽ ഭവനരഹിതരായ പലസ്തീൻകാർ അഭയം തേടിയ സ്കൂളിലായിരുന്നു ആക്രമണം. മൂന്നു റോക്കറ്റുകളാണ് സ്കൂളിൽ പതിച്ചതെന്നും ആക്രമണം വലിയ തീപിടിത്തത്തിന് കാരണമായെന്നും ഗാസ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹമൂദ് ബസ്സൽ പറഞ്ഞു.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പ്രഭാത പ്രാർഥനയ്ക്കിടെയായിരുന്നു ആക്രമണം. അതേസമയം ഹമാസ് ഭീകരർ ഒളിച്ചിരുന്ന ഹമാസ് കമാൻഡ് സെന്റർ ആണ് ആക്രമിച്ചതെന്ന് ഇസ്രയേൽ പ്രതികരിച്ചു. സിവിലിയൻമാരുടെ മരണം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നെന്നും ഇസ്രയേൽ പറഞ്ഞു.
