കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ സഞ്ജു സാംസൺ പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ശനിയാഴ്ച നടക്കും. ഹയാത്ത് റീജൻസിയിൽ രാവിലെ പത്തുമണിക്ക് ലേലം ആരംഭിക്കും. 168 കളിക്കാരെയാണ് ലേലത്തിനായി രജിസ്റ്റർചെയ്തിട്ടുള്ളത്. ഓരോ ഫ്രാഞ്ചൈസിക്കും 20 കളിക്കാരെ ടീമിലെടുക്കാം. ലേലം സ്റ്റാർ സ്പോർട്സ് ത്രീയിൽ സംപ്രേഷണം ചെയ്യും.
കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രദർശനച്ചടങ്ങ് ഇന്ത്യൻ താരം സഞ്ജു സാംസൺ ഉദ്ഘാടനംചെയ്തു. ആലപ്പീ റിപ്പൾസ്, കൊച്ചി ബ്ലൂടൈഗേഴ്‌സ്, ട്രിവാൺഡ്രം റോയൽസ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്, തൃശ്ശൂർ ടൈറ്റൻസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് എന്നീ ആറ് ഫ്രാഞ്ചൈസി ടീമുകളുടെ ലോഗോയും പ്രദർശിപ്പിച്ചു. അടുത്തമാസം രണ്ടുമുതൽ 19 വരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി നൽകുമെന്ന് അസോസിയേഷൻ പ്രഖ്യാപിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ കെ.എം. അബ്ദുൾ റഹിമാൻ, കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, ഗവേണിങ് കൗൺസിൽ അംഗം പി.ജെ. നവാസ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സി.എഫ്.ഒ. മിനു ചിദംബരം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
