പ്രതീകാത്മക ചിത്രം
ആലപ്പുഴ: വിദ്യാർഥിയെ എയർഗൺ ഉപയോഗിച്ച് തല്ലിയ സംഭവത്തിൽ കുറ്റക്കാരായ മൂന്നു വിദ്യാർഥികളെയും സ്കൂളിൽ പ്രവേശിപ്പിച്ചേക്കില്ല. ഇവർക്കു പഠിക്കാനും പരീക്ഷയെഴുതാനും ബദൽ സൗകര്യമൊരുക്കാനാണ് ഹയർ സെക്കൻഡറി വകുപ്പ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച നിർദേശം ഉടൻ സ്കൂൾ അധികൃതർക്കു നൽകും.
എയർഗൺ ആക്രമണത്തെത്തുടർന്ന് സ്കൂളിലെ മറ്റു കുട്ടികളും അവരുടെ രക്ഷിതാക്കളും പേടിയിലാണ്. കഴിഞ്ഞദിവസം ചേർന്ന പി.ടി.എ. യോഗത്തിൽ രക്ഷിതാക്കൾ ആശങ്കയുന്നയിച്ചു. കുട്ടികളെ മറ്റു സ്കൂളിൽ ചേർക്കാനായി ചില രക്ഷിതാക്കൾ ടി.സി.യും ആവശ്യപ്പെട്ടു. ഇതെല്ലാം ചേർത്തുള്ള റിപ്പോർട്ട് സ്കൂൾ അധികൃതർ ഹയർ സെക്കൻഡറി വകുപ്പിനു നൽകിയിരുന്നു.
വെള്ളിയാഴ്ച ഹയർ സെക്കൻഡറി വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അശോക്‌കുമാർ സ്കൂൾ സന്ദർശിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി. അതു കൂടി പരിഗണിച്ചായിരിക്കും തുടർനടപടി.നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിൽ എയർഗണ്ണുകൊണ്ട് സഹപാഠിയെ വിദ്യാർഥി വെടിവെച്ചെന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഗൺ കൊണ്ട് അടിച്ചതേയുള്ളൂവെന്നും വെടിവെച്ചില്ലെന്നും പോലീസ് പിന്നീട് വ്യക്തമാക്കിയെങ്കിലും ഇപ്പോഴും പല രക്ഷിതാക്കളും വിശ്വസിച്ചിട്ടില്ല. ഇതോടെയാണ് കുറ്റക്കാരായ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാതെ ബദൽപഠനസൗകര്യമൊരുക്കാൻ ആലോചന തുടങ്ങിയത്.
സംഭവത്തെത്തുടർന്ന് ഭയപ്പാടിലായ കുട്ടികൾക്ക് കൗൺസലിങ് നൽകാൻ നടപടി തുടങ്ങി. കുട്ടികളിലെ അക്രമവാസന തടയാനുള്ള ബോധവത്കരണപ്രവർത്തനങ്ങൾക്കും ഹയർ സെക്കൻഡറി വകുപ്പ് നേതൃത്വം നൽകും. കുറ്റകൃത്യത്തിലേർപ്പെട്ട കുട്ടിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത എയർഗൺ വിദഗ്ധപരിശോധനയ്ക്കായി പോലീസ് ഫൊറൻസിക് ലാബിലേക്ക് അയക്കും. ഈ റിപ്പോർട്ട് കിട്ടിയശേഷം കേസ് തീർപ്പാക്കാനാണ് പോലീസിന്റെ തീരുമാനം.സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ജുവനൈൽ കോടതിക്കു കൈമാറി. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് വിദ്യാർഥികൾ ജുവനൈൽ കോടതിയിൽ ഹാജരാകേണ്ടിവരുമെന്നും പോലീസ് അറിയിച്ചു.
