പ്രതീകാത്മക ചിത്രം

കൊൽക്കത്ത: ബം​ഗാളിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ വാർത്താ ഏജൻസിയായ പി.ടി.ഐയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ക്രൂരമായ ബലാത്സം​ഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർ പി.ടി.ഐയോട് പറഞ്ഞിരിക്കുന്നത്.

പശ്ചിമബം​ഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിലാണ് 31-കാരിയായ പി.ജി വിദ്യാർഥി മരിച്ചത്. വ്യാഴാഴ്ച രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവതിയെ വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അർധന​ഗ്നയായ നിലയിലായിരുന്നു മൃതദേഹം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിയാണ്.

പെൺകുട്ടിയുടെ സ്വകാര്യഭാ​ഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ‘കണ്ണുകളിൽനിന്നും വായയിൽനിന്നും രക്തം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. മുഖത്തും നഖങ്ങളിലും മുറിവുകൾ ഉണ്ട്. വയർ, ഇടതുകാൽ, കഴുത്ത്, വലതു കൈ, മോതിര വിരൽ, ചുണ്ട് എന്നീ ഭാ​ഗങ്ങളിൽ പരിക്കുണ്ട്’, റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുള്ളതിനാൽ ശ്വാസം മുട്ടിയാണ് മരണമെന്നാണ് കൊൽക്കത്ത പോലീസിലെ ഉന്നത ഉദ്യോ​ഗസ്ഥൻ പറയുന്നത്. പൂർണ രൂപത്തിലുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. യുവതിക്കൊപ്പം രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ച് ഡോക്ടർമാരെ പോലീസ് ചോദ്യംചെയ്തു. സംഭവം അന്വേഷിക്കാൻ ആശുപത്രി മൂന്നം​ഗ സമിതിയും രൂപവത്കരിച്ചു.

മകളെ ബലാത്സം​ഗംചെയ്തശേഷം കൊലപ്പെടുത്തിയെന്നും സത്യം മറച്ചുവെക്കാനുള്ള ശ്രമം നടക്കുന്നതായും യുവതിയുടെ പിതാവ് ആരോപിച്ചു. പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി രക്ഷിതാക്കളെ ഫോണിൽവിളിച്ച് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെന്നാണ് വിവരം.

ജൂനിയർ ഡോക്ടർമാരോടൊപ്പം പുലർച്ചെ രണ്ട് മണിക്ക് ഭക്ഷണം കഴിച്ച യുവതി, വിശ്രമിക്കാനായാണ് സെമിനാർ ഹാളിലേക്ക് പോയതെന്ന് ആശുപത്രിയിലെ മറ്റൊരു ഡോക്ടർ വെളിപ്പെടുത്തി. വിശ്രമത്തിനായി പ്രത്യേക മുറി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആർജി കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അത്യഹിതവിഭാ​ഗത്തിൽ ഒഴികെ പണിമുടക്കുകയാണ്. ബിജെപി ഉൾപ്പടെ വിവിധ രാഷ്ട്രീയ കക്ഷികൾ സംസ്ഥാന സർക്കാരിനെതിരെ രം​ഗത്ത് എത്തി.