ഷിബു എസ്. നായർ
ആമ്പല്ലൂർ(തൃശ്ശൂർ) : അപകടത്തിൽ പരിക്കേറ്റയാൾ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ നഴ്സിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നടുറോഡിൽ ഭീകരാന്തരീക്ഷവുമുണ്ടാക്കി. പോലീസ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തയാളെ കോടതി റിമാൻഡ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണൻ കോട്ടേജിൽ ഷിബു എസ്. നായരെ(47)യാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ ദേശീയപാതയിൽ ആമ്പല്ലൂർ സിഗ്നൽ ജങ്ഷനിലായിരുന്നു സംഭവം. വയനാട്ടിലേക്ക് പോകുകയായിരുന്ന ഷിബുവിന്റെ ബൈക്ക് സിഗ്നലിൽ നിർത്തിയിട്ട കാറിന് പിറകിലിടിച്ചതായിരുന്നു തുടക്കം. അതിവേഗത്തിൽ വന്ന ബൈക്കിൽനിന്ന് വീണ ഷിബുവിന് കൈകാലുകൾക്ക് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ പാലിയേക്കര ടോൾപ്ലാസയിൽനിന്ന് ആംബുലൻസ് വരുത്തി ഷിബുവിനെ ആശുപത്രിയിലേക്കയച്ചു. എന്നാൽ, നിമിഷങ്ങൾക്കകം ആംബുലൻസ് സംഭവസ്ഥലത്ത് തിരിച്ചെത്തി.
ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസിലെ മെയിൽ നഴ്സിന്റെ കഴുത്തിൽ കത്തിവെച്ച് തിരിച്ചെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞതോടെ നാട്ടുകാർ ഇടപെട്ടു. അക്രമാസക്തനായ ഷിബു നാട്ടുകാർക്കുനേരെ കത്തിവീശി. സ്ഥലത്തെത്തിയ പുതുക്കാട് പോലീസ് ഷിബുവിനെ കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഈ സമയമത്രയും ഷിബു പോലീസിനും നാട്ടുകാർക്കും നേരെ അക്രമാസക്തനായി ആക്രോശിക്കുകയായിരുന്നു.
ഷിബു 20 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ പ്രഥമശുശ്രൂഷ നൽകിയശേഷം കോടതിയിൽ ഹാജരാക്കി. പോലീസ് വധശ്രമത്തിന് കേസെടുത്തു.
