റിസ്വാൻ അബ്ദുൾ ഹാജി അലി| Photo:ANI

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. പുണെ ഐ.എസ് ഘടകത്തിലെ റിസ്വാൻ അബ്ദുൾ ഹാജി അലി ആണ് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്. ഇയാളിൽനിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു.

ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അലിക്കായി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു. എൻ.ഐ.എ മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കൊടുംകുറ്റവാളിയാണ് ഇയാൾ. കഴിഞ്ഞ വർഷം പുണെ പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റിസ്വാനായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല.

ഡൽഹി ദര്യ​ഗഞ്ച് സ്വദേശിയാണ് ഇയാൾ. പുണെ ഐ.എസ് ഘടകത്തിലെ മറ്റ് അം​ഗങ്ങളുമായി ചേർന്ന് ഡൽഹിയിലേയും മുബൈയിലേയും പ്രധാന സ്ഥലങ്ങളിൽ ഇവർ നിരീക്ഷണം നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. പുണെ ഐ.എസ് ഘടകത്തിലെ നിരവധിപേരെ പുണെ പോലീസും എൻ.ഐ.എയും നേരത്തേ അറസ്റ്റുചെയ്തിരുന്നു.