പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒടുവില്‍ പിടിയിലായത് ഒന്‍പതാംക്ലാസുകാരനായ മകന്‍. ഡല്‍ഹി നജഫ്ഘട്ടിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയെയാണ് സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പോലീസ് പിടികൂടിയത്. കാമുകിയുടെ പിറന്നാളാഘോഷം നടത്താനും കാമുകിയ്ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കാനുമാണ് മോഷണം നടത്തിയതെന്നാണ് ഒന്‍പതാംക്ലാസുകാരന്റെ മൊഴി. ഇതിനായി മാതാവിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് വില്‍പ്പന നടത്തിയെന്നും വിദ്യാര്‍ഥി സമ്മതിച്ചു.

ഓഗസ്റ്റ് മൂന്നാം തീയതിയാണ് നജഫ്ഘട്ട് സ്വദേശിയായ വീട്ടമ്മ മോഷണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. തലേദിവസം പകല്‍ വീട്ടില്‍നിന്ന് രണ്ട് സ്വര്‍ണമാലകളും ഒരു ജോഡി കമ്മലും ഒരു സ്വര്‍ണമോതിരവും മോഷണംപോയെന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയുംചെയ്തു. എന്നാല്‍, സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. സമീപവാസികളുടെ മൊഴിയെടുത്തപ്പോഴും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെയാണ് പരാതിക്കാരിയുടെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം നടന്നദിവസം മുതല്‍ വീട്ടമ്മയുടെ ഒന്‍പതാംക്ലാസുകാരനായ മകനെ കാണാനില്ലെന്ന് വ്യക്തമായി. കുട്ടിയുടെ കൂട്ടുകാരോട് തിരക്കിയപ്പോള്‍ ഒന്‍പതാംക്ലാസുകാരന്‍ അടുത്തിടെ 50,000 രൂപയ്ക്ക് ഒരു ഐഫോണ്‍ വാങ്ങിയെന്ന വിവരവും ലഭിച്ചു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്താനായി നജഫ്ഘട്ടിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഒന്‍പതാംക്ലാസുകാരന്‍ പോലീസിനെ വെട്ടിച്ച് കടന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ കുട്ടി വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. പിന്നാലെ പോലീസ് സംഘം നിരീക്ഷണത്തിനെത്തുകയും വീടിന് സമീപത്തുവെച്ച് കുട്ടിയെ പിടികൂടുകയുമായിരുന്നു. പോലീസിനെ കണ്ട് കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത് ഫലംകണ്ടില്ല. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയില്‍നിന്ന് ഐഫോണും കണ്ടെടുത്തു. എന്നാല്‍, ചോദ്യംചെയ്യലില്‍ താന്‍ കവര്‍ച്ച നടത്തിയിട്ടില്ലെന്നായിരുന്നു ഒന്‍പതാംക്ലാസുകാരന്റെ ആദ്യമൊഴി. പിന്നീട് പോലീസ് വിശദമായി ചോദ്യംചെയ്തതോടെ കുട്ടി എല്ലാം തുറന്നുപറയുകയായിരുന്നു.

വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചെന്നും ഇത് രണ്ട് ജൂവലറികളിലായി വില്‍പ്പന നടത്തിയെന്നും ഒന്‍പതാംക്ലാസുകാര്‍ സമ്മതിച്ചു. സഹപാഠിയായ പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലാണ്. കാമുകിയുടെ പിറന്നാളിന് അവളെ പ്രീതിപ്പെടുത്താനായി വലിയ ആഘോഷം സംഘടിപ്പിക്കാനും വിലകൂടിയ സമ്മാനം നല്‍കാനും തീരുമാനിച്ചു. ഇതിനായി അമ്മയോട് പണം ചോദിച്ചെങ്കിലും നല്‍കിയില്ല. അച്ഛന്‍ മരിച്ചതിന് ശേഷം സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും അതിനാല്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമാണ് അമ്മ പറഞ്ഞത്. ഇതോടെയാണ് വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ തീരുമാനിച്ചതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, മോഷണമുതല്‍ വാങ്ങിയ ജൂവലറി ഉടമയെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയില്‍നിന്ന് മോതിരവും കമ്മലും വാങ്ങിയ കമാല്‍ വര്‍മ എന്നയാളാണ് അറസ്റ്റിലായത്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.