സിദ്ദീഖ്, അജു അലക്സ്

മോഹൻലാലിനെ മാത്രമല്ല ‘അമ്മ’ സംഘടനയിലെ ഏതെങ്കിലും ഒരു അംഗത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായാൽ അത് ചോദ്യം ചെയ്യേണ്ട ബാധ്യത തനിക്കുണ്ടെന്ന് സിദ്ദീഖ്. മോഹൻലാല്‍ ചെയ്ത വലിയ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അദ്ദേഹത്തെ ഒരുപാട് അധിക്ഷേപിക്കുന്നതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ എന്ന നിലയില്‍ അതേറെ വിഷമമുണ്ടാക്കിയെന്നും സിദ്ദീഖ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം.

‘‘കുറച്ച് കാലങ്ങളായി നടിനടന്മാരെയും സിനിമയെയും പല രീതിയിൽ അധിക്ഷേപിച്ചുകൊണ്ട് യൂട്യൂബർമാർ എന്നു പറയുന്ന ആളുകൾ എത്തുന്നുണ്ട്. ഒരു വ്യക്തി മാത്രം വന്ന് ഇതുപോലെ വ്യക്തിപരമായ അധിക്ഷേപിക്കുന്ന പ്രവണത കുറച്ച് കാലങ്ങളായി കാണുന്നു. ഇതിനെതിരെ ആരെങ്കിലുമൊക്കെ ചോദിക്കേണ്ടെ? രാജ്യത്തിന് ഇതിനെതിരെ നിയമമുണ്ട്.

ഇപ്പോഴാണ് ഈ വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിപ്പെടുന്നത്. അതിൽ ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തു, മറ്റൊരാളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഇനി ഇങ്ങനെ അധിക്ഷേപിക്കുന്ന വിഡിയോ ചെയ്യില്ലെന്ന് എഴുതി വാങ്ങിയിരുന്നു. ആർക്കും ആരെയും എന്തുംപറയാവുന്ന രീതിയിൽ ആ മേഖല നീങ്ങിക്കൊണ്ടിരിക്കുകയാണ്.

നമുക്ക് സ്വാതന്ത്ര്യമുണ്ട് ശരിയാണ്. അതൊരാളെ അധിക്ഷേപിക്കാനോ കയ്യേറ്റം ചെയ്യാനോ ആകരുത്. ആരെയും എന്തും പറയാം എന്നുള്ള സ്വാതന്ത്ര്യം നമുക്കില്ല. ഒരാളേ ഖനിക്കാനോ അയാളെ മാനസികമായി വേദനിപ്പിക്കാനോ ഒരാൾക്കും സ്വാതന്ത്രമില്ല, അതിനൊക്കെ ഇവിടെ നിയമമുണ്ട്.