ഹുബ്ബള്ളി–ഗോവ റൂട്ടിലെ ദൂത്‌സാഗർ സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയപ്പോൾ

ബെംഗളൂരു∙ കർണാടക–ഗോവ അതിർത്തിയായ ദൂത്‌സാഗർ സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു ഹുബ്ബള്ളി–ഗോവ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. പുണെ– എറണാകുളം ജംക്‌ഷൻ പൂർണ എക്സ്പ്രസ് (11097) നാളെ പനൽവേൽ, റോഹ, മഡ്ഗാവ് വഴിയായിരിക്കും സർവീസ് നടത്തുകയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

യശ്വന്തപുര–വാസ്കോഡ ഗാമ എക്സ്പ്രസിന്റെ (17309/ 17310) ഇന്നത്തെ സർവീസ് റദ്ദാക്കി. ബ്രാഗാൻസ ചുരം പാതയിൽ ഇന്ന് രാവിലെ 9.35നാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. ട്രെയിൻ പാളത്തിൽ നിന്ന് മാറ്റുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ഹുബ്ബള്ളി ഡിവിഷൻ ജനറൽ മാനേജർ അരവിന്ദ് ശ്രീവാസ്തവ പറഞ്ഞു.