മുണ്ടക്കൈയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു.

മുണ്ടക്കൈ ∙ ഉരുൾപൊട്ടലിൽ കാണാതായവരിലെ 4 പേരുടെ മൃതദേഹങ്ങൾ കൂടി സൂചിപ്പാറ–കാന്തൻപാറ പ്രദേശത്തു നടത്തിയ തിരച്ചിലിൽ കണ്ടെത്തി. രക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണു വനമേഖലയിൽനിന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. നാലു പൂർണ ശരീരങ്ങളും ഒരു മൃതദേഹത്തിന്റെ കാൽ മരത്തി‌ൽ കുടുങ്ങിയ നിലയിലുമാണു കണ്ടെത്തിയതെന്നു രക്ഷാപ്രവർത്തകർ അറിയിച്ചു. മൃതദേഹങ്ങൾ ജീർണിച്ച നിലയിലാണ്. 11 ദിവസത്തിനു ശേഷമാണു മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ദുർഘടമായ മേഖലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും. കോട നിറഞ്ഞ വനമേഖലയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസ്സം നേരിട്ടു.

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രാവിലെ 6 മുതല്‍ 11 വരെയാണു തിരച്ചിൽ നടത്താൻ തീരുമാനിച്ചിരുന്നത്. മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇതു നീണ്ടേക്കും. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘവും പങ്കാളികളാണ്. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീടിന്റെ ജനൽഭാഗം കണ്ടെത്തിയതോടെ എൻഡിആർഎഫ്, ഫയർ ആൻഡ് റെസ്ക്യു സംഘം തിരച്ചിലിന്റെ നേതൃത്വം ഏറ്റെടുത്തു. ദുരിതബാധിതരും പ്രദേശവാസികളും തിരച്ചിലിന്റെ ഭാഗമായുണ്ട്. ജനലിന്റെ ഭാഗം കയർ വലിച്ചുകെട്ടി നീക്കം ചെയ്തു. ദുർഗന്ധം അനുഭവപ്പെട്ടതോടെ വീടിനുള്ളിൽ മനുഷ്യസാന്നിധ്യം ഉണ്ടോയെന്ന് അറിയാൻ പരിശോധന നടക്കുകയാണ്. മണ്ണുമാന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കം ചെയ്തു.