(Photo: X/@RayneDance_Art)
കാനഡയോട് ചേർന്നു കിടക്കുന്ന അമേരിക്കൻ സംസ്ഥാനമായ അലാസ്‌കയിൽ മഴവെള്ളവും മഞ്ഞും നിറഞ്ഞതിനെ തുടർന്നുണ്ടായ സമ്മർദ്ദത്താൽ തടാകം പൊട്ടുകയും ജലം പുറത്തേക്ക് പല വഴികളിലൂടെ ഒഴുകുകയും ചെയ്തു. മെൻഡെൻഹാൾ എന്ന ഹിമാനി പിന്തിരിഞ്ഞതാണ് ഇതിനു കാരണമായത്. 2011 മുതലുള്ള കാലയളവിൽ ഈ പ്രതിഭാസം ഇടയ്ക്കിടെ സംഭവിച്ചിരുന്നു. ഇതുമൂലം തടാകത്തിനും നദിക്കും അരികിലുള്ള തെരുവുകളും വീടുകളും മുങ്ങുകയും ചെയ്തു.
യുഎസിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളും സവിശേഷതകളും ഉള്ള സംസ്ഥാനമാണ് അലാസ്ക. 1741ൽ ഡാനിഷ് പര്യവേക്ഷകനായ വൈറ്റസ് ബെറിങ്ങാണ് അലാസ്‌ക കണ്ടെത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തുടർന്ന് അലാസ്‌കയുടെ ഭാഗമായ കോഡിയാക് ദ്വീപിൽ റഷ്യക്കാർ കോളനി ഉറപ്പിച്ചു.

എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റഷ്യയ്ക്ക് അലാസ്‌കയിൽ താൽപര്യം നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അലാസ്‌കയെ യുഎസിനു വിൽക്കുകയും ചെയ്തു. അന്നത്തെ അമേരിക്കൻ ആഭ്യന്തര സെക്രട്ടറിയായ വില്യം എച്ച് സീവാർഡ് 72 ലക്ഷം യുഎസ് ഡോളറുകൾക്കാണ് അലാസ്‌കയെ യുഎസിന്റെ ഭാഗമായി മാറ്റിയത്.
അന്നു യുഎസിൽ ഇതൊരു വലിയ മണ്ടത്തരമായാണ് ജനങ്ങൾ കണക്കാക്കിയത്. സീവാർഡിന്‌റെ വിഡ്ഢിത്തം എന്നാണ് അലാസ്‌ക വാങ്ങിയതിനെ അവർ വിശേഷിപ്പിച്ചത്. എന്നാൽ പിൽക്കാലത്ത് വമ്പൻ ധാതു നിക്ഷേപങ്ങളും പ്രകൃതി വാതക നിക്ഷേപങ്ങളുമൊക്കെ മേഖലയിൽ നിന്നു കണ്ടെടുത്തു. ഇന്ന് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവുമധികം സംഭാവനകൾ നൽകുന്ന സംസ്ഥാനമാണ് അലാസ്‌ക.
അലാസ്‌കയോട് വളരെ അടുത്തു കിടക്കുന്ന രാജ്യമാണ് റഷ്യ. ഇരു പ്രദേശങ്ങളെയും തമ്മിൽ ബെറിങ് കടലിടുക്കാണ് വേർതിരിക്കുന്നത്. പ്രദേശങ്ങൾ തമ്മിൽ 88 കിലോമീറ്റർ മാത്രമാണ് അകലം.15000 വർഷങ്ങൾക്കു മുൻപുതന്നെ വടക്കേ അമേരിക്കയിലേക്കുള്ള ആദ്യ കുടിയേറ്റം ബെറിങ് വഴി നടന്നെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അന്ന് ബെറി്ങ് കടലിടുക്ക് ഇല്ലായിരുന്നു, വടക്കേ അമേരിക്കയും ഏഷ്യയും തമ്മിൽ കരബന്ധമുണ്ടായിരുന്നു. ഏഷ്യയിലെ ആദിമ നിവാസികൾ കാൽനടയായി ഈ പാതയിലൂടെ അമേരിക്കയിലെത്തി കുടിയേറ്റം നടത്തി.
