പരിക്കേറ്റ ചന്ദ്രൻ

പേരാമ്പ്ര: സാമൂഹികമാധ്യമത്തിലെ പോസ്റ്റിനുതാഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തയാളെ രാത്രിയിൽ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചേനായി കുഞ്ഞാറമ്പത്ത് മീത്തൽ ചന്ദ്രനെയാണ് (55) പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. മുഖംമറിച്ചെത്തിയ രണ്ടുപേർ വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് വാളും ഇരുമ്പുവടിയുമുപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി.

രണ്ടുകൈകൾക്കാണ് പരിക്കേറ്റത്. തെങ്ങുകയറ്റത്തൊഴിലാളിയായ ചന്ദ്രൻ പ്രാണരക്ഷാർഥം കത്തി വീശിയതോടെ അക്രമികൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരിൽ ഒരാൾക്ക് മുറിവേറ്റതായും സൂചനയുണ്ട്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സയന്റിഫിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തിൽ എടവാരാട് സ്വദേശിയിട്ട പോസ്റ്റിന് താഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന മുസ്‌ലിം യൂത്ത് ലീഗ് ശാഖ കമ്മിറ്റിയുടെ പരാതിയിൽ കഴിഞ്ഞദിവസം ചന്ദ്രന്റെപേരിൽ പേരാമ്പ്ര പോലീസ് കേസെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിർത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പോലീസ് വിളിച്ച ചേർത്ത സമാധാനയോഗം അഭ്യർഥിച്ചു.

ചേനായിലെ ആക്രമണം: സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി

ചേനായിയിൽ ചന്ദ്രനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിൽച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഇരുളിന്റെമറവിൽ അക്രമം നടത്തി നാട്ടിൽ ഭീതിപരത്തി സമാധാനാന്തരീക്ഷം തകർക്കുന്ന ശക്തികൾക്കെതിരേ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് യോഗം അഭ്യർഥിച്ചു. മണ്ഡലം പ്രസിഡന്റ്‌ തറമൽ രാഗേഷ് അധ്യക്ഷനായി. എം. മോഹനൻ, കെ.കെ. രജീഷ്, ടി.എം. ഹരിദാസ്, കെ.കെ. സജീവൻ, നവനീത് കൃഷ്ണൻ, ഡി.കെ. മനു, പത്മേഷ് മഠത്തിൽ, കെ.സി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.