ദീപു

വള്ളികുന്നം(ആലപ്പുഴ): സുഹൃത്തിനെ മര്‍ദിച്ചവശനാക്കി ഒന്നരപ്പവന്റെ സ്വര്‍ണമാല കവര്‍ന്നശേഷം ഒളിവില്‍പ്പോയ പ്രതി അഞ്ചുമാസത്തിനുശേഷം പോലീസ് പിടിയില്‍. താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനില്‍ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്.

ഇലിപ്പക്കുളം കുറ്റിപ്പുറത്ത് വീട്ടില്‍ ആകാശിന്റെ മാല പൊട്ടിച്ചെടുത്തു കടന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി 16-നു രാത്രിയില്‍ ഇലിപ്പക്കുളം സ്വദേശി പ്രസാദിന്റെ തട്ടുകടയില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. കേസില്‍ രണ്ടും മൂന്നും പ്രതികളായ വള്ളികുന്നം സ്വദേശികളായ ഗോകുല്‍ (28), അരുണ്‍ പൊടിയന്‍ (27) എന്നിവരെ നേരത്തേ റിമാന്‍ഡുചെയ്തിരുന്നു. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ ആകാശിനോട് ചെലവുചെയ്യാന്‍ സുഹൃത്തായ അരുണ്‍ പൊടിയന്‍ ആവശ്യപ്പെട്ടു.

ഇതിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആകാശിനെ മൂവരുംചേര്‍ന്ന് മര്‍ദിക്കുകയും കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഒന്നാംപ്രതി ദീപു ബൈക്കില്‍ സഞ്ചരിക്കവെ വള്ളികുന്നം സംസ്‌കൃത സ്‌കൂളിനുസമീപംവെച്ചാണ് വള്ളികുന്നം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഇയാളെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.