റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയെടുത്തെന്ന കേസിലെ പ്രധാന പ്രതി ശശി

കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി നിടുമ്പ്രത്തെ കെ. ശശി (65) തലശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്തംഗം.സി.പി.എമ്മിന്റെ അവിഭക്ത ചൊക്ലി ലോക്കൽ സെക്രട്ടറിയുമായിരുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തകനായിരിക്കെ മസാലപ്പൊടിയുടെയും ഇൻഷുറൻസിന്റെയും ഏജൻസി നടത്തിയതിനെതിരേ പരാതി ഉയർന്നതോടെ 27 കൊല്ലം മുൻപാണ്‌ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

ഇൻഷുറൻസ് മേഖലയിൽ കോടിപതിയുമായിരുന്നു ശശി. പരാതിക്കാരെ ചെന്നൈയിൽ കൂട്ടിക്കൊണ്ടുപോയത് താനാണെങ്കിലും പണം വാങ്ങിയത് ശരത്താണെന്നാണ് ശശി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ശശി പണം സ്വീകരിച്ചതിന്റെ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണറിയുന്നത്.

അതേസമയം, ശശി മുൻകൂർജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിനാൽ ഹർജിക്ക് പ്രസക്തിയില്ലെന്നും ഹരജി തള്ളണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ അറിയിച്ചതിനെത്തുടർന്ന്‌ ജില്ലാ ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഹർജി തള്ളുകയായിരുന്നു. തലശ്ശേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപാണ് മുൻകൂർജാമ്യാപേക്ഷ നൽകിയത്. തലശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയും പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാംപ്രതിയുമാണ് ശശി. 71.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് രണ്ട് പോലീസ് സ്റ്റേഷനുകളിലുമുള്ള കേസ്.

തട്ടിപ്പുപണം ഒഴുകിയത് ഫ്ളാറ്റുകളിലേക്ക്

കൂട്ടുപ്രതി ഗീതാറാണിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. റെയിൽവേയിൽ ജോലി നൽകാമെന്ന പേരിൽ പലരിൽ നിന്നായി കബളിപ്പിച്ച് പണം തട്ടിയതിന് ഇവർക്കെതിരേ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. തശ്ശൂർ, തിരുവനന്തപുരം, ചവറ പോലീസ് സ്റ്റേഷനുകളിലാണ് കേസുള്ളത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മുഴുവൻ വിദേശത്തുളള മകന്റെയും മകളുടെയും പേരിൽ ഫ്‌ളാറ്റുകൾ വാങ്ങിയിടലാണ് പ്രധാന പരിപാടി. മകനെയും മകളെയും നാട്ടിലെത്തിക്കാനുള്ള നടപടി പോലീസ് തുടങ്ങിയിട്ടുണ്ട്.