പ്രതീകാത്മക ചിത്രം
ഭോപാല്‍: രാത്രി നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അമ്മയുടെ കാമുകന്‍ നിലത്തെറിഞ്ഞും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. ശിവ്പുരി സുലാര്‍ ഖുര്‍ദില്‍ കാമുകനൊപ്പം താമസമാക്കിയ ടീകാംഗഢ് സ്വദേശിനി ജയന്തി(35)യുടെ ഒരുവയസ്സുള്ള മകള്‍ ഛായയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയന്തിയുടെ കാമുകനും സുലാര്‍ ഖുര്‍ദ് സ്വദേശിയുമായ ഭയ്യാലാലി(25)നെതിരേ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഭയ്യാലാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. രാത്രി കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് കുഞ്ഞിനെ കാലില്‍ പിടിച്ച് തറയിലേക്ക് എറിയുകയായിരുന്നു. ഇതോടെ കുഞ്ഞിന്റെ തലയില്‍ ഗുരുതരമായി പരിക്കേറ്റു. മൂക്കില്‍നിന്നടക്കം രക്തം ഒഴുകി. പിന്നാലെ പ്രതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് മരണം ഉറപ്പുവരുത്തി. സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാവിലെയോടെ ഇയാള്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞു. അതുവരെ കുഞ്ഞിന്റെ മൃതദേഹം നെഞ്ചോട് ചേര്‍ത്തുവെച്ചിരിക്കുകയായിരുന്നു അമ്മയായ ജയന്തി. കാമുകന്‍ പോയതിന് പിന്നാലെ ജയന്തി കുഞ്ഞിന്റെ മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
ഭര്‍ത്താവിനും മൂന്നുമക്കള്‍ക്കും ഒപ്പം ബെംഗളൂരുവിലായിരുന്ന ജയന്തി 20 ദിവസം മുന്‍പാണ് കാമുകനൊപ്പം ശിവ്പുരിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കാമുകനായ ഭയ്യാലാലും ജയന്തിയും ബെംഗളൂരുവില്‍ കൂലിപ്പണിക്കാരായിരുന്നു. ഇതിനിടെ ഇവര്‍ അടുപ്പത്തിലായി. തുടര്‍ന്ന് ഭര്‍ത്താവിനെയും മൂത്ത രണ്ട് മക്കളെയും ഉപേക്ഷിച്ച് ജയന്തി ഇളയകുഞ്ഞുമായി കാമുകനൊപ്പം ശിവ്പുരിയിലെത്തി ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
