കൊല്ലപ്പെട്ട പ്രീത

ആറ്റിങ്ങല്‍ (തിരുവനന്തപുരം): ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രീതയുടെ മൂത്തമകള്‍ ബിന്ധ്യയുടെ ഭര്‍ത്താവ് അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അനില്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി ആക്രമണം നടത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് പ്രീതയും ഭര്‍ത്താവ് ബാബുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ നാലുമാസമായി പ്രതിയായ അനിലും ഭാര്യ ബിന്ധ്യയും തമ്മിലുള്ള വിവാഹമോചന കേസ് നടന്നുവരുന്നതായാണ് വിവരം. അനിലിനെ ഭയന്ന് ബിന്ധ്യയും രണ്ട് കുട്ടികളും പള്ളിപ്പുറത്തെ ഫ്‌ളാറ്റിലാണ് താമസം. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.