വിനേഷ് ഫോഗട്ട് (പിടിഐ ചിത്രം)
പാരിസ്∙ ഒളിംപിക്സ് ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ന് കലാശപ്പോരിൽ മത്സരിക്കാനിരിക്കെ, ഭാരം കൂടുതലുള്ള കാര്യം ഇന്നലെ രാത്രി തന്നെ വിനേഷ് ഫോഗട്ടും പരിശീലകരും തിരിച്ചറിഞ്ഞിരുന്നതായി റിപ്പോർട്ട്. ഇതേത്തുടർന്ന്, ഇന്നു രാവിലെ ഭാരപരിശോധനയ്ക്കു മുൻപായി നിശ്ചിത ഭാരമായ 50 കിലോഗ്രാമിലേക്ക് എത്താൻ രാത്രി മുഴുവൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു വിനേഷ് ഫോഗട്ട്. ഭക്ഷണം ഉപേക്ഷിച്ചും കഠിനമായ വ്യായാമ മുറകൾ പയറ്റിയും ഭാരം കുറയ്ക്കാനുള്ള വിനേഷ് ഫോഗട്ടിന്റെ തീവ്രശ്രമം ഒടുവിൽ ആശുപത്രിയിലാണ് അവസാനിച്ചത്.
ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കിക്കൊണ്ടുള്ള രാജ്യാന്തര ഒളിംപിക്സ് അസോസിയേഷന്റെ തീരുമാനം വരുമ്പോൾ വിനേഷ് ഫോഗട്ട് ആശുപത്രിക്കിടയിലായിരുന്നുവെന്നാണ് വിവരം. പരുക്കുമൂലം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിൽപ്പോലും വെള്ളി മെഡൽ ലഭിക്കാൻ സാധ്യതയുണ്ടായിരുന്നിരിക്കെയാണ്, ഭാരം കുറയ്ക്കാൻ രാത്രി മുഴുവൻ പരിശ്രമിച്ച് വിനേഷ് ഫോഗട്ട് പരാജയപ്പെട്ടത്.
മത്സരത്തിന് 14 മണിക്കൂർ മുൻപ്, അതായത് ഫ്രഞ്ച് സമയം രാവിലെ 7.30നായിരുന്നു ഭാര പരിശോധന നടത്താനുള്ള സമയപരിധി. മത്സരിക്കുന്നത് 50 കിലോഗ്രം ഫ്രീസ്റ്റൈൽ ഗുസ്തിയിലായതിനാൽ, ഈ സമയത്തിനുള്ളിൽ ശരീരഭാരം പരമാവധി 50 കിലോഗ്രാമിനുള്ളിൽ ക്രമീകരിക്കേണ്ടതായിരുന്നു. ഇന്നലത്തെ മത്സരം കഴിഞ്ഞ് ശരീരഭാരം കൂടുതലാണെന്ന് കണ്ടെത്തിയതോടെയാണ് ഭാരം കുറയ്ക്കാനുള്ള തീവ്ര നടപടികളിലേക്ക് വിനേഷ് ഫോഗട്ടും പരിശീലകരും കടന്നത്. ഇതിന്റെ ഭാഗമായി പതിവു ഭക്ഷണം പോലും ഉപേക്ഷിച്ചു. രാത്രി മുഴുവൻ സൈക്ലിങ് ഉൾപ്പെടെയുള്ള വ്യായാമമുറകളും ചെയ്തു.
രാവിലെ 7.30 വരെ എപ്പോൾ വേണമെങ്കിലും ശരീരഭാരം പരിശോധിക്കാമെന്നാണ് ചട്ടമെങ്കിലും, ഏറ്റവുമൊടുവിൽ സമയപരിധി തീരുന്നതിനു തൊട്ടുമുൻപാണ് വിനേഷ് ഫോഗട്ട് ഭാര പരിശോധനയ്ക്ക് എത്തിയത്. ഇലക്ട്രോണിക് വെയിങ് മെഷീൻ ഉപയോഗിച്ചുള്ള പരിശോധനയിൽ സ്ക്രീനിൽ തെളിഞ്ഞത് 50.100 കിലോഗ്രാം ഭാരം! ഇതോടെ അധികൃതർ എതിർപ്പ് ഉന്നയിച്ചു. അയോഗ്യയാക്കേണ്ടി വരുമെന്ന് സൂചിപ്പിക്കുകയും ചെയ്തു.
അപകടം മണത്ത ഇന്ത്യൻ സംഘം അപ്പോൾത്തന്നെ എതിർ വാദമുന്നയിച്ചെങ്കിലും ചെവിക്കൊള്ളാൻ ഒളിംപിക്സ് അധികൃതർ തയാറായില്ലെന്നാണ് വിവരം. ഇതോടെ ഇന്ത്യൻ സംഘം പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ, കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നവർ പരാതി നൽകി. പ്രതിഷേധവും അതിനെതിരെ പരാതിയുമായി സംഭവം വിവാദമായി വളർന്നുവെന്നാണ് പാരിസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ രാജ്യാന്തര ഒളിംപിക് അസോസിയേഷൻ, പുനഃപരിശോധനയ്ക്കുള്ള ഇന്ത്യയുടെ ആവശ്യവും നിരാകരിച്ചു.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വിവരം പുറത്തുവന്ന് അധികം വൈകാതെ ഇന്ത്യൻ ടീം ഈ വിഷയത്തിൽ വിശദീകരണക്കുറിപ്പും പുറത്തിറക്കി. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിശദീകരണക്കുറിപ്പ് ഇങ്ങനെ:
