മുംതാസ് ലൈല

പെരിന്തല്‍മണ്ണ(മലപ്പുറം): രേഖകളില്ലാതെ കൊണ്ടുവന്ന 15 ലക്ഷം രൂപയുമായി തിരൂര്‍ക്കാട് സ്വദേശിനി അറസ്റ്റില്‍. മാടായി മുംതാസ് ലൈല(50) യെയാണ് ബാഗില്‍ നിറച്ച പണവുമായി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ പട്ടാമ്പി റോഡിലെ എസ്.ബി.ഐ. എ.ടി.എമ്മിന് മുന്‍വശമായിരുന്നു സംഭവം. ബാഗില്‍ പണവുമായെത്തിയ സ്ത്രീ സി.ഡി.എം. വഴി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിനെപ്പറ്റി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എസ്.ഐ. ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധിക്കുകയായിരുന്നു.

പണവുമായി നില്‍ക്കുന്ന സ്ത്രീയോട് ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ഇല്ലാതിരുന്നതോടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇത്തരം പണമിടപാട് സംഘത്തില്‍ നിരന്തരമായി പ്രവര്‍ത്തിച്ചുവരുന്ന സ്ത്രീയാണെന്ന് ചോദ്യംചെയ്യലില്‍ മനസ്സിലായതായി പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകര്‍ അറിയിച്ചു. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ കണ്ണികളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു. സി.പി.ഒ.മാരായ സ്മിത, ഗ്രീഷ്മ, ജിതിന്‍, സജി, ബിബിന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി വനിതാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.