പ്രതീകാത്മക ചിത്രം

കാഞ്ഞിരപ്പുഴ (പാലക്കാട്): പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോവുകയായിരുന്ന സ്ത്രീയെ ഓവുചാലിലേക്ക് തള്ളിയിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ ബുധനാഴ്ച രാവിലെ 6.30-നാണ് സംഭവം.

പൂഞ്ചോല കണ്ണംകുളം വീട്ടില്‍ ജോണിന്റെ ഭാര്യ ജെസ്സി(59)യുടെ ആഭരണങ്ങളാണ് കവര്‍ന്നത്. ഇവര്‍ പൂഞ്ചോലയിലുള്ള പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്കായി പോകുന്ന സമയം കുറ്റിയാംപാടം എന്ന സ്ഥലത്തുവെച്ച് പുറകിലൂടെ വന്ന ഒരാള്‍ വഴിയരികിലെ ചാലിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും മുക്കാല്‍ പവനോളം തൂക്കംവരുന്ന സ്വര്‍ണ മോതിരവും സ്വണംമുക്കിയ രണ്ട് വളകളും ബലപ്രയോഗത്തിലൂടെ ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഈ സമയം വഴിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പിടിവലിക്കിടെ ഇവർക്ക് നിസ്സാര പരിക്കേറ്റു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.