നടൻ അശ്വത് ഭട്ട് | ഫോട്ടോ: http://www.instagram.com/ashwathbhatt/
തുർക്കിയിലെ ഇസ്താംബൂളിൽ അവധിയാഘോഷിക്കാനെത്തിയപ്പോൾ പിടിച്ചുപറിക്കാരനിൽനിന്ന് ആക്രമണമുണ്ടായെന്ന് നടൻ അശ്വത് ഭട്ട്. ഞായറാഴ്ച തുർക്കിയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഗലാട്ട ടവറിലേക്ക് നടക്കുന്നതിനിടെയായിരുന്നു സംഭവം. പോക്കറ്റടിക്കാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് മനസിലുണ്ടായിരുന്നെങ്കിലും ഇത്രയും ക്രൂരമായ അനുഭവം പ്രതീക്ഷിച്ചില്ലെന്നും താരം പറഞ്ഞു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അശ്വതിന്റെ വെളിപ്പെടുത്തൽ.
ഗലാട്ട ടവറിലേക്ക് നടക്കുന്നതിനിടെ ഒരാൾ തന്റെ നേർക്ക് വന്നെന്ന് അശ്വത് ഭട്ട് ഓർത്തെടുത്തു. അയാളുടെ കയ്യിൽ ഒരു ചങ്ങലയുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മുഴുവനായും മനസ്സിലാകും മുൻപേ ആ ചങ്ങലകൊണ്ട് അയാൾ പുറത്തിടിക്കുകയായിരുന്നെന്ന് അശ്വത് പറഞ്ഞു. ഒരു സംഘമാളുകൾ ഇതിന് പിന്നിലുണ്ടാകാമെന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നി. ഒരു നിമിഷത്തേക്ക് എന്താണ് നടക്കുന്നതെന്നറിയാതെ സ്തംഭിച്ചുപോയി. എന്നാൽ താൻ ചെറുത്തുനിൽക്കുമെന്നും തിരിച്ചടിക്കുമെന്നും അവർ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തോന്നുന്നതെന്നും നടൻ പറഞ്ഞു.
“അയാൾ എന്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമിക്കവേ ഒരു കാബ് ഡ്രൈവർ വാഹനം നിർത്തി ഇടപെടാൻ ശ്രമിച്ചു. അയാളോട് തുർക്കി ഭാഷയിൽ എന്തോ പറഞ്ഞിട്ട് കൊള്ളക്കാരൻ രക്ഷപ്പെട്ടു. എന്റെ ദേഹത്തെ പരിക്കുകണ്ട് ആ ഡ്രൈവർ ഉടനടി പോലീസിനെ സമീപിക്കാൻ നിർദേശിച്ചു. തുടർന്ന് അതുവഴി വന്ന ഒരു പട്രോൾ കാറിലുള്ളവരാണ് പോലീസ് സ്റ്റേഷനിലേക്ക് വഴി കാണിച്ചുതന്നത്.” അശ്വത് പറഞ്ഞു.
ഇതുപോലൊരു വിനോദസഞ്ചാര കേന്ദ്രത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് വളരെ ദൗർഭാഗ്യകരമാണെന്ന് അശ്വത് അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടരുതെന്നും പോലീസിൽ റിപ്പോർട്ട് ചെയ്യരുതെന്നും ആളുകൾ പലപ്പോഴും ഉപദേശിക്കുന്നുണ്ട്. ആളുകൾ സിനിമകൾ കാണുകയും തുർക്കി എന്നാൽ വളരെ റൊമാൻ്റിക് ആണെന്ന് കരുതുകയും ചെയ്യുന്നു. എന്നാൽ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ, ഇത്തരം സംഭവങ്ങൾ കൂടുകയേ ഉള്ളൂ. എല്ലാവരും തുർക്കിയിൽ പോക്കറ്റടിക്കാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് തന്നിരുന്നു. പക്ഷേ ഈ നടന്നത് സങ്കല്പിച്ചതിനും അപ്പുറമായിപ്പോയി. മിഡിൽ ഈസ്റ്റ്, ഈജിപ്റ്റ്, യൂറോപ്പ്യൻ നാടുകൾ എന്നിവിടങ്ങളിലെല്ലാം പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ഇതുവരെയും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോളിവുഡ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അശ്വത് ഭട്ട്. ഐബി 71, മിഷൻ മജ്നു, സീതാ രാമം, റാസ് റീബൂട്ട്, റഖോഷ്, റാസി ഫാന്റം, കേസരി, ഹൈദർ തുടങ്ങിയവയാണ് അശ്വതിന്റെ ശ്രദ്ധേയമായ ചില ചിത്രങ്ങൾ.
