ആശുപത്രിയിൽ പിതാവിനെ ശുശ്രൂഷിക്കുന്ന 17-കാരി | Screengrab Courtesy: Youtube.com/ Bastar Talkies
റായ്പുര്‍: ആയുധധാരികളായ കൊലയാളിസംഘത്തില്‍നിന്ന് പിതാവിനെ രക്ഷിച്ച് 17-കാരിയായ മകള്‍. ഛത്തീസ്ഗഢിലെ ബസ്തര്‍ ഝാറാഗാവ് സ്വദേശിയായ സോമഥാര്‍ കോറാമിനെയാണ് വധശ്രമത്തില്‍നിന്ന് മകള്‍ രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ സോമഥാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയാണ് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എട്ടംഗസംഘം സോമഥാറിനെ ആക്രമിക്കാനെത്തിയത്. അക്രമിസംഘം കര്‍ഷകനായ സോമഥാറിന്റെ നെഞ്ചില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഈ സമയത്താണ് 17-കാരിയായ മകള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി അക്രമികളെ നേരിടുകയും ഇവരില്‍നിന്ന് ആയുധം കൈക്കലാക്കി പിതാവിന് സംരക്ഷണം തീര്‍ക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ കൊലയാളിസംഘം നടുങ്ങി. നിലവിളികേട്ട് അയല്‍ക്കാരും ഓടിയെത്തിയതോടെ അക്രമിസംഘം ഓടിരക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
മാവോവാദി ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്താണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ മാവോവാദികളാണെന്നാണ് കുടുംബം കരുതുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് എട്ടംഗസംഘം പിതാവിനെ തിരക്കി വീട്ടിലെത്തിയിരുന്നതായി 17-കാരിയായ മകള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കോടാലി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും രണ്ടുപേരുടെ കൈവശം തോക്കുകളും ഉണ്ടായിരുന്നു. മുഖംമറച്ചെത്തിയ അക്രമിസംഘം പിതാവ് ഇവിടെയില്ലെന്നും എന്താണ് കാര്യമെന്നും അവരോട് തിരക്കി. എന്നാല്‍, സംഘം കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചീത്തവിളിക്കുകയുമാണ് ചെയ്തത്. തങ്ങള്‍ തിരികെവരുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ മടങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി അപ്പോള്‍ തന്നെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഈ സമയം അസുഖബാധിതനായ പിതാവ് വീട്ടില്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍, ആരില്‍നിന്നും ഭീഷണി ഇല്ലാത്തതിനാല്‍ ഇവര്‍ ഒന്നും കാര്യമാക്കിയില്ല. പിന്നാലെ പെണ്‍കുട്ടിയും അമ്മയും സമീപത്തെ ബന്ധുവീട്ടിലേക്ക് പോയി. തുടര്‍ന്ന് രാത്രി ഭക്ഷണവുമായി തിരികെ വീട്ടിലെത്തിയപ്പോഴാണ് അക്രമിസംഘം പിതാവിനെ ആക്രമിക്കുന്ന കാഴ്ച കണ്ടതെന്നും 17-കാരി പറഞ്ഞു.
സംഘത്തിലെ ഒരാള്‍ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന കാഴ്ചയാണ് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ കണ്ടത്. അതോടെ ഒരുനിമിഷം പോലും വൈകാതെ 17-കാരി അക്രമികളെ നേരിടുകയായിരുന്നു. അക്രമികളിലൊരാളുമായി മല്‍പ്പിടിത്തം നടത്തുകയും കോടാലി പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നാലെ അക്രമിസംഘത്തിന് നേരേ കോടാലി വീശി പിതാവിനെ സംരക്ഷിച്ചു. മാറിനില്‍ക്കാന്‍ അക്രമികളോട് അലറിവിളിച്ചു. ഇതിനിടെ ബഹളംകേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയതോടെ അക്രമിസംഘം കടന്നുകളയുകയായിരുന്നു.
പിതാവ് സാധാരണ കര്‍ഷകനാണെന്നും ഇതിനുമുന്‍പ് ഭീഷണികളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. അതേസമയം, സംഭവത്തിന് പിന്നില്‍ മാവോവാദികളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റ സോമഥാറും ചില അകന്നബന്ധുക്കളും തമ്മില്‍ ഭൂമിത്തര്‍ക്കം നിലനിന്നിരുന്നു.രണ്ടുദിവസം മുന്‍പ് ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. മാത്രമല്ല, സോമഥാറിന് നേരേയുണ്ടായ വധശ്രമം മാവോവാദികളുടെ ആക്രമണരീതിയല്ലെന്നും സോമഥാറിന് നേരത്തെ മാവോവാദികളില്‍നിന്ന് ഭീഷണിയുണ്ടായിട്ടില്ലെന്നും നാരായണ്‍പുര്‍ എസ്.പി. പ്രഭാത് സിങ് പറഞ്ഞു. സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിച്ചവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
