സനദൻ ടുഡു

വള്ളികുന്നം(ആലപ്പുഴ): ഇഷ്ടികഫാക്ടറിയിലെ മറുനാടന്‍ തൊഴിലാളിയെ താമസിക്കുന്ന മുറിക്കുമുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഒപ്പം താമസിച്ചിരുന്നയാളെ വള്ളികുന്നം പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമബംഗാള്‍ ദക്ഷിണ ദിനജ്പുര്‍ ജില്ലയിലെ ബാഗിചാപുര്‍ നേന്ദ്ര വില്ലേജില്‍ സോമയ് ഹസ്ദ(24)യെ ആണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പ്രതിയായ അതേ ജില്ലയിലെ ചാരുല്യ ലക്ഷ്മിതാല വില്ലേജില്‍ സനദന്‍ ടുഡു(22)വാണ് അറസ്റ്റിലായത്.

പ്രതിയുടെ കാമുകിമാരുമായി സോമയ് ഹസ്ദ സാമൂഹികമാധ്യമങ്ങളില്‍ ചാറ്റിങ് നടത്തിയതിലുള്ള വിരോധമാണ് കൊലയിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലുകയായിരുന്നുവെന്ന് വള്ളികുന്നം എസ്.എച്ച്.ഒ. ടി. ബിനുകുമാര്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ടയാളും പ്രതിയും താളീരാടി ആലുവിളയില്‍ മോഹനന്റെ സിമന്റുകട്ട നിര്‍മാണ ശാലയിലെ തൊഴിലാളികളായിരുന്നു. അഞ്ചുദിവസം മുന്‍പാണ് ഇവിടെ ഇവര്‍ ജോലിക്കെത്തിയത്. ഫാക്ടറിക്കുള്ളിലെ മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുഹൃത്തുക്കളായ ഇരുവരും മുന്‍പ് ചിങ്ങവനത്തെ സിമന്റുകട്ട നിര്‍മാണശാലയിലാണ് ജോലി ചെയ്തത്.

പോലീസ് പറയുന്നത് ഇങ്ങനെ

സനദന്‍ ടുഡുവിന്റെ മൊബൈല്‍ ഫോണ്‍ രണ്ടാഴ്ച മുന്‍പ് നഷ്ടപ്പെട്ടു. സോമയ് ഹസ്ദ തന്റെ ഫോണ്‍ സനദന്‍ ടുഡുവിനും നല്‍കിയിരുന്നു. ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിന് ഈ ഫോണാണ് ഉപയോഗിച്ചിരുന്നത്. സനദന് നാട്ടില്‍ ഒന്നിലധികം കാമുകിമാരുണ്ടായിരുന്നു. ഇവരോടെല്ലാം ഇയാള്‍ ചാറ്റുചെയ്യാറുണ്ട്. സോമയ് ഹസ്ദയും അവരോട് അതേ ഫോണില്‍നിന്ന് ചാറ്റു ചെയ്യാന്‍ തുടങ്ങി. ഇതു മനസ്സിലാക്കിയ സനദന്‍ ഒരാഴ്ച മുന്‍പ് സോമയ് ഹസ്ദയെ താക്കീതു ചെയ്തു. വിലക്കിയിട്ടും നിര്‍ത്താഞ്ഞത് ശത്രുതയ്ക്കു കാരണമായി.

ഞായറാഴ്ച ഇരുവരും അമിതമായി മദ്യപിച്ചു. രാത്രി പത്തരയോടെ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന സോമയ് ഹസ്ദയുടെ പിന്നിലൂടെ സനദനെത്തി കയര്‍ മുറുക്കി കൊല്ലുകയായിരുന്നു. പുലര്‍ച്ചെ രക്ഷപ്പെടാനായിരുന്നു ഉദ്ദേശിച്ചത്. മദ്യലഹരിയില്‍ പ്രതി ഉറങ്ങിപ്പോയി. തിങ്കളാഴ്ച രാവിലെ അയല്‍വാസിയാണ് മൃതദേഹം കണ്ടത്. വള്ളികുന്നം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കായംകുളം കോടതി റിമാന്‍ഡ് ചെയ്തു.