അതിക്രമത്തിന്റെ സിസിടിവി ദൃശ്യം | Screengrab: x.com/nabilajamal_
ബെംഗളൂരു: പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നഗരത്തിലെ ക്യാബ് ഡ്രൈവറായ സുരേഷി(25)നെയാണ് കൊനനകുണ്ഡെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പ്രതി കുറ്റംസമ്മതിച്ചതായും ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്ന യുവതിയെ ലൈംഗികമായി ചൂഷണംചെയ്യാനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജസ്ഥാന്‍ സ്വദേശിനിയായ 34-കാരിക്ക് നേരേ അതിക്രമമുണ്ടായത്. പ്രഭാതസവാരിക്കിറങ്ങിയ യുവതി സുഹൃത്തിനെ കാത്ത് വീടിന് മുന്നില്‍ നില്‍ക്കുന്നതിനിടെ അതുവഴിയെത്തിയ പ്രതി കയറിപിടിക്കുകയായിരുന്നു. കുതറിയോടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്നാലെയെത്തി യുവതിയെ വീണ്ടും ആക്രമിച്ചു. ഇതിനുപിന്നാലെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സുരേഷാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ വീടുകളിലാക്കിയശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് പ്രതി അതിക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു. നടന്നുവരുന്നതിനിടെയാണ് യുവതി റോഡില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടത്. യുവതിയെ ശാരീരികമായി ആക്രമിച്ചാല്‍ ലൈംഗികമായി ചൂഷണംചെയ്യാമെന്നും യുവതി സഹകരിക്കുമെന്നുമായിരുന്നു പ്രതിയുടെ ധാരണ. തുടര്‍ന്നാണ് ഇയാള്‍ അതിക്രമം കാട്ടിയതെന്നും പോലീസ് പറഞ്ഞു.
വിവിധ കമ്പനികളിലെ ജീവനക്കാരെ സ്ഥിരമായി ഓഫീസിലേക്കും തിരികെ വീടുകളിലേക്കും കൊണ്ടുവിടുന്നതാണ് സുരേഷിന്റെ ജോലി. അതിനാല്‍ തന്നെ മറ്റുസ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും ഇയാളുടെ പശ്ചാത്തലം എങ്ങനെയുള്ളതാണെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
