അനന്ദ്ജീത് സിങ്, മഹേശ്വരി ചൗഹാൻ | Photo: x.com

പാരീസ്: ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ സ്‌കീറ്റ് മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടം. തിങ്കളാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ജോഡികളായ മഹേശ്വരി ചൗഹാനും അനന്ദ്ജീത് സിങ്ങും ചൈനയുടെ ജിയാങ് യിറ്റിങ് – ല്യു ജിയാന്‍ലിന്‍ സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. 43-44 എന്ന സ്‌കോറിന് നേരിയ വ്യത്യാസത്തിലായിരുന്നു ഇന്ത്യന്‍ സഖ്യം മെഡല്‍ കൈവിട്ടത്.

നേരത്തേ തിങ്കളാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് ഇന്ത്യന്‍ സഖ്യം മെഡല്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. യോഗ്യതാ റൗണ്ടില്‍ ഇന്ത്യയും ചൈനയും 146 പോയന്റ് വീതം സ്വന്തമാക്കി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചിരുന്നു. അത് വെങ്കല മെഡല്‍ മത്സരത്തിലും ആവര്‍ത്തിച്ചു.