സർവകക്ഷിയോഗം | Photo: PTI

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന്‍റെയും രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ ഡൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. ബംഗ്ലാദേശിലെ സ്ഥിതിഗതികളും സുരക്ഷ, സാമ്പത്തിക, നയതന്ത്ര പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ സ്വീകരിച്ച നടപടികളും സംബന്ധിച്ച് ജയശങ്കർ എല്ലാ പാർട്ടി നേതാക്കളോടും വിശദീകരിച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ബംഗ്ലാദേശ് ഭരണം സൈന്യം ഏറ്റെടുക്കുകയുംചെയ്ത സാഹചര്യത്തിൽ ഹസീനയെ പിന്തുണച്ചതിന് പുതിയ സംവിധാനത്തിൽനിന്ന് ഉണ്ടാകാനിടയുള്ള തിരിച്ചടികളെ നേരിടുന്നത് സംബന്ധിച്ചും യോ​ഗത്തിൽ ചർച്ച നടന്നതായാണ് വിവരം. പുതിയ സാഹചര്യം നേരിടുന്നതിന് എല്ലാ പാർട്ടികളിൽനിന്നും ഏകകണ്ഠമായ പിന്തുണ ലഭിച്ചെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അതിനിടെ, ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ആർമി ചീഫ് ജനറൽ വഖാർ ഉസ് സമാൻ വ്യക്തമാക്കി. പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീനയുടെ രാജിക്കും പലായനത്തിനും പിന്നാലെയാണ് പ്രസിഡന്റിന്റെ തീരുമാനം. നൊബേൽ സമ്മാനജേതാവായ ഡോ. മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിന്റെ ഉപദേശകനാകുമെന്ന് സംവരണവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വംനൽകിയ വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു.

രാജിവെച്ചശേഷം ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തിൽ ഹസീനയേയും വഹിച്ചുകൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനാ വിമാനം ഇറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോദിയും ഹസീനയും കൂടിക്കാഴ്ച നടത്തുമോ എന്നകാര്യം ഇനിയും വ്യക്തമായിട്ടില്ല.