ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഷ്റഫെ മൊർത്താസ, താരത്തിന്റെ വീടിന് കലാപകാരികൾ തീയിട്ടപ്പോൾ (എക്സിൽ പ്രചരിക്കുന്ന ചിത്രം)

ധാക്ക∙ സംവരണവിഷയത്തിൽ വിദ്യാർഥി സംഘടനകളുടെ നിസ്സഹകരണ സമരം കലാപമായി ആളിക്കത്തുന്ന ബംഗ്ലദേശിൽ, ദേശീയ ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്റഫെ മൊർത്താസയുടെ വീട് കൊള്ളയടിച്ച അക്രമികൾ പിന്നാലെ വീട് തീയിട്ട് നശിപ്പിച്ചതായി റിപ്പോർട്ട്. രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ എംപിയായ മൊർത്താസയുടെ വീട് കലാപകാരികൾ അഗ്നിക്കിരയാക്കിയതായി വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

വിദ്യാർഥികളെ കൂട്ടക്കുരുതി ചെയ്തപ്പോൾ മൊർത്താസ കുറ്റകരമായ നിശബ്ദത പാലിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മൊർത്താസയും കുടുംബാംഗങ്ങളും വീട്ടിൽനിന്ന് രക്ഷപ്പെട്ടിരുന്നതായാണ് വിവരം.

ഖുൽന ഡിവിഷനിൽ ഉൾപ്പെടുന്ന നരയ്ൽ – 2 മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് മൊർത്താസ. ഈ വർഷം ആദ്യം നടന്ന പൊതുതിരഞ്ഞെടുപ്പിൽ അവാമി ലീഗിനായി രണ്ടാമതും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ മൊർത്താസ മണ്ഡലം നിലനിർത്തിയിരുന്നു. ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ വ്യാപകമായി തെരുവിലിറങ്ങിയ പ്രക്ഷോഭകാരികൾ മൊർത്താസയുടെ വീട് തീയിട്ട് നശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

മൂന്നു ഫോർമാറ്റുകളിലുമായി 117 മത്സരങ്ങളിൽ ബംഗ്ലദേശിനെ നയിച്ച ക്യാപ്റ്റനാണ് മൊർത്താസ. ബംഗ്ലദേശ് ടീമിനെ ഏറ്റവുമധികം മത്സരങ്ങളിൽ നയിച്ച ക്യാപ്റ്റൻമാരിൽ ഒരാൾ കൂടിയാണ് താരം. ബംഗ്ലദേശിനായി 36 ടെസ്റ്റുകളും 220 ഏകദിനങ്ങളും 54 ട്വന്റി20 മത്സരങ്ങളും കളിച്ച മൊർത്താസ, മൂന്ന് ഫോർമാറ്റിലുമായി 390 വിക്കറ്റുകളും 2955 റൺസും നേടിയിട്ടുണ്ട്.

സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെ 2018ലാണ് മൊർത്താസ, ഷെയ്ഖ് ഹസീന നേതൃത്വം നൽകുന്ന അവാമി ലീഗിൽ ചേർന്നത്. തുടർന്ന് നരയ്ൽ–2 മണ്ഡലത്തിൽനിന്ന് രണ്ടു തവണ ജനവിധി തേടി എംപിയായി.