അതിക്രമത്തിന്റെ സിസിടിവി ദൃശ്യം | Screengrab: x.com/nabilajamal_

ബെംഗളൂരു: നഗരത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരേ ലൈംഗികാതിക്രമം. രാജസ്ഥാന്‍ സ്വദേശിനിയായ യുവതിയാണ് റോഡില്‍വെച്ച് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവദിവസം പതിവുപോലെ പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു യുവതി. തുടര്‍ന്ന് സുഹൃത്തിനെ കാത്ത് ഇവരുടെ വീടിന് മുന്നില്‍ നില്‍ക്കുന്നതിനിടെയാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. റോഡില്‍ നില്‍ക്കുകയായിരുന്ന യുവതിയെ അക്രമി ആദ്യം കയറിപിടിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിന്തുടര്‍ന്നെത്തി വീണ്ടും കടന്നുപിടിച്ചു. യുവതി ബഹളംവെച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനുപിന്നാലെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

വെളുത്തനിറത്തിലുള്ള ടീഷര്‍ട്ടും പാന്റ്‌സുമാണ് പ്രതി ധരിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.