Photo: AP
പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 100 മീറ്ററില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ 200 മീറ്ററില്‍ നിന്നും പിന്മാറി ജമൈക്കയുടെ ലോക ചാമ്പ്യന്‍ ഷെറീക്ക ജാക്‌സണ്‍. 200 മീറ്ററിലെ എക്കാലത്തെയും വേഗമേറിയ രണ്ടാമത്തെ വനിതയും നിലവിലെ ലോക ചാമ്പ്യനുമാണ് ഷെറീക്ക. മുമ്പ് കാലിനേറ്റ പരിക്ക് കാരണമാണ് 100 മീറ്ററില്‍ നിന്ന് പിന്മാറുന്നതെന്ന് താരം അറിയിച്ചിരുന്നു. എന്നാല്‍ 200 മീറ്ററിലെ പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇതോടെ 200 മീറ്ററില്‍ ചാമ്പ്യനാകാന്‍ അമേരിക്കയുടെ ഗാബ്ബി തോമസിന്റെ സാധ്യതകള്‍ വര്‍ധിച്ചു.
നേരത്തേ ഒളിമ്പിക് ട്രാക്കിനെ ഞെട്ടിച്ചു കൊണ്ട് ജമൈക്കന്‍ സൂപ്പര്‍താരം ഷെല്ലി ആന്‍ ഫ്രേസര്‍ 100 മീറ്റര്‍ സെമിഫൈനലില്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. നൂറു മീറ്ററില്‍ രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനായിരുന്നു ഷെല്ലി. സ്റ്റേഡ് ഡി പാരിസ് അത്‌ലറ്റിക് സ്റ്റേഡിയത്തിന്റെ വാം അപ്പ് മേഖലയിലേക്ക് കടക്കുന്നതില്‍ നിന്നും ഷെല്ലിയേയും ഷാക്കാരി റിച്ചാര്‍ഡ്‌സണേയും വിലക്കിയിരുന്നു. സെമിഫൈനലിന് ഏതാനും മണിക്കൂര്‍ മുമ്പായിരുന്നു സംഭവം.
വാം അപ്പിനായി മറ്റൊരിടത്തേക്ക് ഇരുവര്‍ക്കും പോകേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ഷെല്ലി സെമിയില്‍ മത്സരിക്കാതെ പിന്‍വാങ്ങിയത്.
