ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാനാകാതെ പോയവരുടെ മൃതദേഹം കൂട്ടത്തോടെ സംസ്‌കരിക്കാൻ പുത്തുമലയിൽ എടുത്ത കുഴികൾ
പുത്തുമല (വയനാട്): വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച, തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കും. ഇന്ന് (ഞായറാഴ്ച) എട്ട് മൃതദേഹങ്ങളാണ് സംസ്‌കരിക്കുകയെന്ന് റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്‌കാരസ്ഥലത്തേക്ക് എത്തിക്കും.
പുത്തുമലയിലെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുക. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാരം നടക്കുക. ഇതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പത്തടിയോളം താഴ്ചയിലാണ് കുഴികള്‍ ഒരുക്കിയത്. നിലവില്‍ 32 കുഴികള്‍ ഇതിനകം എടുത്തിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലുള്ളത് എന്ന ആശങ്കയോടെ നിരവധി പേരും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പുത്തുമലയില്‍ മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
