മാത്യുവിന്റെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാനായി മഞ്ഞക്കുന്നിൽ താത്കാലികമായി നിർമിച്ച പാലത്തിലൂടെ നാട്ടുകാർ കടക്കുന്നു, ഇൻസൈറ്റിൽ കുളത്തിങ്കൽ കെ.എ. മാത്യു | Photo: Special Arrangement
കോഴിക്കോട് : ‘ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവേ, അതുപോലെ ഒരു അത്ഭുതത്തിനായി ഞങ്ങളും പ്രാര്‍ഥിച്ചു കാത്തിരിക്കുന്നു’… കര്‍ണാടക അങ്കോലയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന് വേണ്ടി നാടൊന്നായി പ്രാര്‍ഥിക്കുമ്പോള്‍ ഒപ്പം ചേര്‍ന്ന കുളത്തിങ്കല്‍ കെ.എ. മാത്യു ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലെ വാക്കുകളാണിത്. അവിടുന്ന് ദിവസങ്ങള്‍ക്കുശേഷം വിലങ്ങാട് ഗ്രാമത്തിലെ നാട്ടുകാര്‍ അവരുടെ പ്രിയപ്പെട്ടവരിലൊരാള്‍ക്കുവേണ്ടി ഇതേ പ്രാര്‍ഥന ആവര്‍ത്തിച്ചു. നാടാകെ തൂത്തെറിഞ്ഞ ഉരുള്‍വെള്ളത്തില്‍ കാണാതായ അവരുടെ മത്തായി മാഷിനുവേണ്ടി. അര്‍ജുന് വേണ്ടി പ്രാര്‍ഥിച്ച അതേ കുളത്തിങ്കല്‍ മാത്യുവിന് വേണ്ടി.
കേരളമൊന്നാകെ കാത്തിരുന്ന അര്‍ജന്‍ ഇപ്പോഴും കാണാമറയത്താണ്. അര്‍ജുന് വേണ്ടി പ്രാര്‍ഥിച്ച മാത്യു മാഷിനെ കണ്ടെത്തിയതാകട്ടെ മൂന്നാംദിവസം മരത്തിനും മണ്ണിനുമിടയിലായി മൂടിക്കിടക്കുന്ന മൃതശരീരമായി. അധ്യയനം ക്ലാസ്മുറികളില്‍ മാത്രം ഒതുങ്ങുന്നതല്ല, സാമൂഹിക സേവനം കൂടിയാണെന്ന് തെളിയിച്ച മാതൃകാ അധ്യാപകനായാണ് മത്തായി മാഷിനെ അറിയുന്നവര്‍ ഓര്‍ക്കുന്നത്. നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു മത്തായി മാഷ്. നാടിന്റെ രാഷ്ട്രീയ, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം.
മടപ്പള്ളി കോളേജില്‍ വിദ്യാര്‍ഥിജനത നേതാവായിരുന്നു. തുടര്‍ന്ന് യുവജനത നാദാപുരം മണ്ഡലം സെക്രട്ടറിയുമായിരുന്നു. അധ്യാപകരംഗത്തുണ്ടായിരുന്നപ്പോള്‍ കെ.എസ്.ടി.സി. സജീവപ്രവര്‍ത്തകനായിരുന്നു. ആര്‍.ജെ.ഡി. വാണിമേല്‍ പഞ്ചായത്ത് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് മുതല്‍ മഞ്ഞച്ചീളി ഭാഗത്ത് കനത്തമഴയായിരുന്നു. ഇതില്‍ സമീപവാസികള്‍ ആരെങ്കിലും ദുരിതത്തിലായോ എന്നറിയാനായിരുന്നു മാത്യുവും സുഹൃത്തുക്കളും കൂടെ ഇറങ്ങിയത്. അര്‍ധരാത്രിയോടെ തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. സുരക്ഷിതസ്ഥലം നോക്കി ചിതറി ഓടിയപ്പോള്‍ മാത്യു ഒറ്റയ്ക്ക് ഒരുഭാഗത്തും മറ്റുള്ളവര്‍ ഒരു വീട് ലക്ഷ്യമാക്കി ഓടി മറുഭാഗത്തുമായി. സാബു പന്തലാടിക്കലിന്റെ കടയിലേക്കായിരുന്നു മാത്യു ഓടിക്കയറിയത്. താനിവിടെ സുരക്ഷിതനാണ് എന്ന് മാത്യു അറിയിച്ചതിന് പിന്നാലെ, അദ്ദേഹത്തെ രക്ഷിക്കാനായി കയറെത്തിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പോയി. ഈ സമയത്ത് കടത്തിണ്ണയില്‍ മാത്യുനില്‍ക്കുമ്പോഴാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടാവുകയും വെള്ളത്തിന്റെ ഒഴുക്ക് കൂടുകയുംചെയ്തത്. കടയടക്കം ഒലിച്ചുപോയി മാത്യുവിനെ കാണാതായി.
ആദ്യരണ്ട് ദിവസങ്ങളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അപകടം നടന്നസ്ഥലത്തായിരുന്നു തിരച്ചില്‍ നടത്തിയത്. വ്യാഴാഴ്ച ലോഡിങ് തൊഴിലാളികളുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പുഴയുടെ ഇരുഭാഗത്തുമായി തിരച്ചില്‍ നടത്തി. ദുരന്തസ്ഥലത്തിന് താഴെഭാഗത്തുള്ള പത്താംമൈലില്‍ മരങ്ങള്‍ നീക്കംചെയ്യുന്നതിനിടെ ദുര്‍ഗന്ധം ഉയര്‍ന്നു. മരത്തിനും മണ്ണിനുമിടയില്‍ മൂടിക്കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. കാല് മാത്രമാണ് പുറത്തുകണ്ടത്. തുടര്‍ന്ന് എം.ഡി.എഫ്.ആര്‍. സംഘത്തിന്റെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി. പുഴയോരത്ത് പ്രത്യേകം മറവെച്ച് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിലങ്ങാട് മഞ്ഞക്കുന്ന് സെയന്റ് അല്‍ഫേണ്‍സാ പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഉരുള്‍പൊട്ടല്‍ നടന്ന മഞ്ഞക്കുന്നില്‍ താത്കാലിക പാലം നിര്‍മിച്ചാണ് അന്ത്യകര്‍മങ്ങള്‍ക്കായി പള്ളിയിലേക്കുപോകാന്‍ സൗകര്യമൊരുക്കിയത്. മാത്യു പുതുതായി നിര്‍മിക്കുന്ന വീട്ടിലും അല്‍ഫോണ്‍സാ പള്ളിയിലെ പാരിഷ് ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
