ഷൈനി

വാടാനപ്പള്ളി(തൃശ്ശൂര്‍): മകള്‍ മരിച്ച ദുഃഖത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52)യാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ഇളയ മകള്‍ കൃഷ്ണ (25) വിശാഖപട്ടണത്ത് മരിച്ചിരുന്നു. അതിന് ശേഷം കഠിനമായ മാനസിക പ്രയാസത്തിലായിരുന്നു ഷൈനി.

ദുബായിലായിരുന്ന മൂത്ത മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതിലില്‍ താക്കോല്‍ വെച്ച സ്ഥലം കാണിച്ച് കുറിപ്പ് ഒട്ടിച്ച് വെച്ചിരുന്നു. വീടിനകത്ത് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടു. ഇതോടെ അയല്‍ക്കാരെ വിളിച്ചു. തിരച്ചിലിനിടയിലാണ് മതിലിന് സമീപം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ ഷൈനിയുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണമായും കത്തിത്തീര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

തിങ്കളാഴ്ച സന്ധ്യയ്ക്ക് ഷൈനിയുടെ വീട്ടുപറമ്പില്‍നിന്ന് സമീപവാസികള്‍ തീ കണ്ടിരുന്നു. മകള്‍ വരുന്നത് മൂലം പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതാണെന്നാണ് അവര്‍ കരുതിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)