സഞ്ജു സാംസൺ, Photo:x.com/Johns

പല്ലെക്കെലെ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. മൂന്നാം ടി20 യിലും താരം പൂജ്യത്തിന് പുറത്തായി. രണ്ടാം ടി20യില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ഇറങ്ങിയ സഞ്ജു ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

മൂന്നാം ടി20 യില്‍ മൂന്നാമനായാണ് സഞ്ജു കളത്തിലിറങ്ങിയത്. ടീം സ്‌കോര്‍ പതിനൊന്നില്‍ നില്‍ക്കേ ജയ്‌സ്വാളിനെ ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടിറങ്ങിയ സഞ്ജുവിന് ഇക്കുറിയും ക്രീസില്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. നാല് പന്ത് നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ കൂടാരം കയറി. ചാമിന്ദു വിക്രമസിങ്കെയുടെ പന്തില്‍ താരം ഹസരങ്കയുടെ കൈകളിലൊതുങ്ങി.

രണ്ടാം ടി20 യിൽ ഗില്ലിന് കഴുത്തുളുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഇതോടെ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്തു. എന്നാൽ ശ്രീലങ്കയ്ക്കുവേണ്ടി രണ്ടാം ഓവര്‍ എറിഞ്ഞ മഹീഷ് തീക്ഷണ ആദ്യ പന്തില്‍ തന്നെ സഞ്ജു സാംസണെ പുറത്താക്കി.