സൈന്യം രക്ഷാപ്രവർത്തനത്തിനിടെ | Photo:API
കല്‍പ്പറ്റ (വയനാട്): ഉരുൾപൊട്ടൽ ദുരന്തത്തിൽ നാമാവിശേഷമായ മുണ്ടക്കൈയിലേക്ക് കൂടുതൽ രക്ഷാപ്രവർത്തകരെത്തുന്നു. ചൊവ്വാഴ്ച രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് എത്തുന്നതിന് പരിമിതികളുണ്ടായിരുന്നു. വടം ഉപയോഗിച്ച് വളരെക്കുറച്ച് ആളുകൾക്ക് മാത്രമേ സ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നുള്ളൂ.
വീടിനുള്ളിൽ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരിഗണന. അതിനാൽ, തകർന്ന് വീടിനുള്ളില്‍ കുടുങ്ങിയ നിലയിൽ മൃതദേഹങ്ങള്‍ കണ്ടിരുന്നെങ്കിലും പുറത്തേക്ക് എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന്, പല മൃതദേഹങ്ങളും രക്ഷാപ്രവർത്തകർക്ക് ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വന്നു. ഈ പ്രദേശങ്ങളിലാണ് ബുധനാഴ്ച രക്ഷാദൗത്യം പുരോഗമിക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 135 ആയി. രാപ്പകൽ വ്യത്യാസമില്ലാതെ പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്. പല മൃതദേഹങ്ങളുടേയും തിരിച്ചറിഞ്ഞിട്ടില്ല. ഉരുൾപൊട്ടൽ കനത്ത നാശംവിതച്ച ചൂരല്‍മലയില്‍ നിർമിച്ച താത്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സൈന്യവും കേരള ഫയര്‍ ഫോഴ്‌സും സംയുക്തമായാണ് പാലം നിര്‍മിച്ചത്.

ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള മേപ്പാടിയിലെത്തി. ടി. സിദ്ദിഖ് എം.എൽ.എ. പങ്കുവെച്ച ചിത്രം
