ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുമേഷ്

അടിമാലി(ഇടുക്കി) : യുവാവിനെ കാറിൽ കൈയും കഴുത്തും ബന്ധിച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പെൺസുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു. പെൺസുഹൃത്ത് ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കൊല്ലാൻ ശ്രമിച്ചതെന്നും മൊബൈൽ ഫോൺ കൊണ്ടുപോയെന്നും യുവാവ് പോലീസിന് മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ്, കുഞ്ചിത്തണ്ണി സ്വദേശിനിയെ അടിമാലി പോലീസ് സ്റ്റേഷനിൽ വരുത്തി ചോദ്യംചെയ്തത്. അക്രമികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. യുവാവിന്റെ നഷ്ടപ്പെട്ട ഫോണിന്റെ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തും.

കുഞ്ചിത്തണ്ണി ഉപ്പാർ മേപുതുശ്ശേരി സുമേഷ് സോമ (38) നെയാണ് വ്യാഴാഴ്ച രാത്രിയിൽ പനംകുട്ടിയിൽവെച്ച് ക്വട്ടേഷൻ സംഘം കാറിൽ കെട്ടിയിട്ട് കൊല്ലാൻ ശ്രമിച്ചത്. എറണാകുളത്ത് ഡ്രൈവറായി ജോലിചെയ്യുന്ന സുമേഷ് വിവാഹമോചിതനാണ്. ഇവിടെവെച്ച് കുഞ്ചിത്തണ്ണി സ്വദേശിനിയുമായി സൗഹൃദത്തിൽ ആകുകയും മൂന്നുവർഷം ഒന്നിച്ച് താമസിക്കുകയുംചെയ്തു. പിന്നീട് ഇവർ അകന്നു.

സുമേഷ്, തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരേ യുവതി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച എറണാകുളത്തുനിന്നും വീട്ടിലേക്ക് പോകുംവഴി കാറിൽ എത്തിയ അഞ്ചുപേർ പനംകൂട്ടിയിൽവെച്ച് സുമേഷിനെ ആക്രമിക്കുകയും മൊബൈൽ ഫോൺ കവരുകയുമായിരുന്നു. ഇദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.