പ്രതീകാത്മക ചിത്രം
നിലമ്പൂർ : പോലീസ്‌സ്റ്റേഷനു മുൻപിലൂടെ ടിപ്പറിൽ മണൽ കടത്തുന്ന വീഡിയോ ചിത്രീകരിച്ചശേഷം ഇൻസ്റ്റാഗ്രാമിൽ റീൽസ് പോസ്റ്റുചെയ്ത് മണൽ മാഫിയ. വീഡിയോ പ്രചരിച്ചതോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലമ്പൂർ പോലീസ്. വണ്ടിഭ്രാന്തൻ കെ.എൽ. 71 എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ ആദ്യം വന്നത്.
ചാലിയാറിന്റെ മമ്പാട് ടാണ കടവിൽനിന്ന് ജൂലായ് 24-ന് രാത്രിയാണ് നിലമ്പൂർ സ്റ്റേഷനു മുൻപിലൂടെ രണ്ടുപേർ മണൽ കടത്തിയത്. പോലീസ്‌സ്റ്റേഷനു മുൻപിലൂടെ മണലുമായി ടിപ്പർ കടന്നുപോകുന്ന വീഡിയോ പിന്നീട് സിനിമാ ഡയലോഗുകൾകൂടി ചേർത്ത് റീൽസായി പോസ്റ്റ്ചെയ്യുകയായിരുന്നു.
റീൽസ് വിവാദമായതോടെ ഇത് ഇൻസ്റ്റഗ്രാം പേജിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന ആളുകളെയും ടിപ്പറിന്റെ നമ്പറും തിരിച്ചറിയാൻകഴിയുന്ന സൂചനകൾ റീൽസിൽ ഉണ്ടായിരുന്നില്ല. അഞ്ചുമാസം മുൻപ് മമ്പാട് ടൗൺ കടവിൽ മണൽ കോരി തോണിയിൽ കയറ്റുന്നത് ചിത്രീകരിച്ച റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായിരുന്നില്ല.
