പ്രതീകാത്മക ചിത്രം
കലഞ്ഞൂർ (പത്തനംതിട്ട) : വീട്ടിൽ ശബ്ദംകൂട്ടി പാട്ടുവെച്ചതിന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രതിയെ അറസ്റ്റുചെയ്തു. ഇളമണ്ണൂർ പൂതങ്കരയിൽ വെള്ളിയാഴ്ച രാത്രി 9.30-നാണ് സംഭവം. പൂതങ്കര കാവിൽ പടിഞ്ഞാറ്റേതിൽ അനീഷി (32)നാണ് വെട്ടേറ്റത്. തലയ്ക്കും ചെവിയിലും വെട്ടുകത്തിവെച്ചാണ് വെട്ടിയത്.
അയൽവാസിയായ പൂതങ്കര സന്ദീപ് ഭവനിൽ സന്ദീപിനെ (34) അടൂർ പോലീസാണ് അറസ്റ്റുചെയ്തത്. എന്നും രാത്രിയിൽ വീട്ടിൽ പാട്ട് വെക്കാറുണ്ടെന്ന് അനീഷ് പറഞ്ഞു. എന്നാൽ വെള്ളിയാഴ്ച ഇതുകേട്ട് സന്ദീപ് വീട്ടിലേക്ക് വരുകയും വാക്കുതർക്കത്തിനൊടുവിൽ വെട്ടുകയും ആയിരുന്നു.
ബോധംകെട്ട അനീഷിന്റെ തലയിലേക്ക് സന്ദീപ് തന്നെ വെള്ളം കോരി ഒഴിച്ചു. അനീഷിന്റെ അമ്മ അറിയിച്ചതനുസരിച്ച് എത്തിയ പോലീസുകാരാണ് ഇദ്ദേഹത്തെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
