സിറാജ് വി.പി.കീഴ്ടമാടം ഷാർജ അൽ നഹ്ദയിലേയ്ക്കുള്ള യാത്രയിൽ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

ഷാർജ ∙ ദുരിതബാധിതരെ തേടിയുള്ള സിറാജിന്റെ സൈക്കിൾ യാത്ര അൽ നഹ്ദയിലുമെത്തി. അതും പൊരിവെയിലത്ത് കിലോ മീറ്ററുകളോളം സഞ്ചരിച്ച്. ഷാർജയിൽ ജീവകാരുണ്യ–സാമൂഹിക പ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ ഡെലിവറി ബോയി കണ്ണൂർ പാനൂർ സ്വദേശി സിറാജ് വി.പി. കീഴ്മാടമാണ് അൽ നഹ്ദയിൽ രണ്ട് പെൺമക്കളെ സ്കൂളിലേയ്ക്ക് അയക്കാൻ പോലും സാധിക്കാതെ ദുരിതത്തിലായ കാസർകോട് സ്വദേശികളായ കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി എത്തിയത്. സിറാജിന്റെ പരിചയത്തിലുള്ള മലയാളികളടക്കമുള്ള ഇന്ത്യൻ കുടുംബങ്ങളും സ്വദേശികളും നൽകുന്ന പണം കൊണ്ടാണ് സിറാജ് ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നത്. കോവിഡ്19 കാലത്തും പ്രളയ ദിനങ്ങളിലും ഇത്തരത്തിൽ വിവിധയിടങ്ങളിൽ സിറാജ് സജീവമായി സേവനം നടത്തിയിരുന്നു. ‘ഇന്ന് ജീവിച്ചാൽ ഇന്ന് ജീവിച്ചു എന്ന് പറയാം, നാളെ നമുക്കെന്താണെന്ന് അറിയില്ലല്ലോ. കഴിയുംവിധം മറ്റുള്ളവർക്ക് സഹായം ചെയ്യുക’– ഇതാണ് സിറാജിന്റെ ജീവിത തത്ത്വം.

വിശപ്പിന്റെ വില അറിയുന്നു

നാട്ടിൽ അല്ലറ ചില്ലറ ജോലി ചെയ്തിരുന്ന സിറാജിന്റെ മാതാവ് അയൽപ്പക്കങ്ങളിൽ പകലന്തിയോളം കഠിനമായി അധ്വാനിച്ച് കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചായിരുന്നു കുടുംബം പുലർന്നത്. അതുകൊണ്ട് തന്നെ മറ്റാരേക്കാളും തനിക്ക് വിശപ്പിന്റെ വിലയറിയാമെന്ന് ഈ യുവാവ് പറയുന്നു. അന്ന് നാട്ടിൽ ഒരുനേരം ഭക്ഷണം പോലും കഴിക്കാനാകാതെ ഒരുപാട് കുടുംബങ്ങളുണ്ടായിരുന്നു. നാട്ടിലെ വലിയ വിവാഹങ്ങള്‍ നടക്കുന്ന വീടുകളിൽ ബാക്കിയാകുന്ന ഭക്ഷണ സാധനങ്ങൾ പട്ടിണിപ്പാവങ്ങൾക്ക് എത്തിച്ചുകൊടുത്താണ് ഈ സഹജീവി സ്നേഹത്തിന് തുടക്കം കുറിച്ചത്. പിന്നീട് കടൽക്കടന്നിട്ടും സിറാജ് ആ സഹജീവി സ്നേഹം തുടരുന്നു.

സ്വന്തമായി കയറിക്കിടക്കാനൊരു വീട്, കുടുംബത്തിന്റെ പട്ടിണി മാറ്റണം, സഹോദിരമാരെ വിവാഹം കഴിച്ചയക്കണം–ഇതൊക്കെയായിരുന്നു 2006ൽ യുഎഇയിലെത്തുമ്പോൾ സിറാജിന്റെ ലക്ഷ്യങ്ങൾ. ഷാർജ അൽ ജുബൈലിലെ മദീന സൂപ്പർമാർക്കറ്റിൽ ഡെലിവറി ബോയിയായി. മലയാളി കുടുംബങ്ങൾ ഒട്ടേറെ താമസിക്കുന്ന പ്രദേശമാണിത്. ആദ്യകാലങ്ങളിൽ നടന്നായിരുന്നു സാധനങ്ങൾ എത്തിച്ചിരുന്നത്. പിന്നീടത് സൈക്കിളിലായി. രാവിലെ ഏഴര മുതൽ രാത്രി 10 വരെയാണ് ഡ്യൂട്ടി. ഇതിനിടയ്ക്ക് ലഭിക്കുന്ന വിശ്രമവേളകളിലാണ് സാമൂഹിക പ്രവർത്തനം. തൊട്ടടുത്തെ മത്സ്യത്തൊഴിലാളികൾക്കും ലോഞ്ച് ജീവനക്കാര്‍ക്കും ഭക്ഷണമെത്തിച്ചുകൊടുത്തായിരുന്നു തുടക്കം. അതറിഞ്ഞ് മറ്റു പലരും വിളിച്ച് ഭക്ഷണം തരികയും ആവശ്യക്കാർക്കെല്ലാം എത്തിച്ചുകൊടുക്കുകയും ചെയ്തു.

കോവിഡ് കാലത്തായിരുന്നു ഇത് വളരെ സജീവമായത്. ഗുജറാത്തി, മലയാളി, തമിഴ് കുടുംബങ്ങൾ നൽകുന്ന ഭക്ഷണസാധനങ്ങൾ ദുരിത ബാധിതർക്ക് എത്തിച്ചുകൊടുക്കാൻ സമയം കണ്ടെത്തി. കൂടാതെ വസ്ത്രങ്ങളുമെത്തിച്ചു. അടുത്ത കാലത്ത് യുഎഇയിലുണ്ടായ ചരിത്രത്തിലെ ഏറ്റവു വലിയ മഴയെ തുടർന്ന് പ്രളയബാധിതരായ ഒട്ടേറെ കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങളും മരുന്നും എത്തിച്ചുകൊടുക്കാൻ സിറാജ് ഒറ്റയാൾ പട്ടാളമായി രംഗത്തുണ്ടായിരുന്നു. കൂടാതെ, ഷാർജ സർക്കാരിന് കീഴിലുള്ള സന്നദ്ധ സേവകരോടൊത്തും ഇദ്ദേഹം പ്രവർത്തിച്ചു. റമസാനിൽ തൊട്ടടുത്തെ പള്ളിയിൽ നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നതിനും മുന്നിലുണ്ടാകാറുണ്ട്. ജോലിയോടൊപ്പം സാമൂഹിക സേവനവും തുല്യ പ്രാധാന്യത്തോടെ കാണുന്ന സിറാജ് അധ്വാനിച്ചുണ്ടാക്കിയ പണത്തിലാണ് കുടുംബം കരകയറിയത്. സഹോദരിമാരുടെയും മറ്റും വിവാഹം നടത്തി. കൂത്തുപറമ്പിൽ 10 സെന്റ് സ്ഥലം വാങ്ങി വീടുവച്ചു. ഇതിന് ആകെ 48 ലക്ഷം രൂപ ചെലവായതായി സിറാജ് പറയുന്നു.