ഹാർദിക് പാണ്ഡ്യയും നടാഷയും | Photo : Instagram
നാലുവര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ സെര്‍ബിയന്‍ മോഡല്‍ നടാഷ സ്റ്റാന്‍കോവിച്ചും വിവാഹമോചിതരാവാന്‍ തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 18-ന് ഹാര്‍ദിക് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ടി20-യില്‍ സൂര്യകുമാര്‍ യാദവിനെ പുതിയ ക്യാപ്റ്റനാക്കി നിശ്ചയിച്ച് മിനിറ്റുകള്‍ക്കകമാണ് ഹാര്‍ദിക്കിന്റെ വേര്‍പിരിയാന്‍ തീരുമാനിച്ചുള്ള പോസ്‌റ്റെത്തിയത്.
വേര്‍പിരിയാന്‍ തീരുമാനിച്ചും രണ്ടുപേര്‍ക്കും അതാണ് നല്ലതെന്നും കടുപ്പമേറിയതായിരുന്നു തീരുമാനമെന്നും ഹാര്‍ദിക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. ഇരുവരുടെയും ജീവിതങ്ങളുടെ കേന്ദ്രം മകന്‍ അഗസ്ത്യയായിരിക്കുമെന്നും അവന്റെ സന്തോഷത്തിനായി രക്ഷാകര്‍തൃപങ്കാളിത്തം ഉറപ്പുവരുത്തുമെന്നും പോസ്റ്റില്‍ ഹാര്‍ദിക് കുറിച്ചു. ഹാര്‍ദിക് പോസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കകം നടാഷ സെര്‍ബിയയിലെ വസതിയിലെ ഉദ്യാനത്തിലെ ചെടികള്‍ക്കിടയില്‍ പന്ത് തിരയുന്ന അഗസ്ത്യയുടെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ സ്റ്റാന്‍കോവിച്ച് പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് ഹാര്‍ദിക്. മകനൊപ്പമുള്ള സ്റ്റാന്‍കോവിച്ചിന്റെ ചിത്രത്തിന് ലവ് ഇമോജിയാണ് ഹാര്‍ദിക് നല്‍കിയത്. ഇതുവരെയായി രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ ഹാര്‍ദിക്കിന്റെ കമന്റിന് ലൈക്ക് ചെയ്തു. വീണ്ടുമൊരുമിക്കൂ എന്ന് തുടങ്ങി രണ്ടായിരത്തിലധികം മറുപടി കമന്റുകളുമുണ്ട്. സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

