ലോക്സഭ (Photo by PIB / AFP)
ന്യൂഡൽഹി ∙ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി ഇന്ത്യാസഖ്യം. പാർലമെന്റ് അങ്കണത്തിൽ ഇന്ത്യാസഖ്യം ധർണ നടത്തുന്നു. തുടർന്ന് സഭയിൽ വിഷയം ഉന്നയിക്കും. കേന്ദ്രം വിശദീകരണം നൽകിയില്ലെങ്കിൽ വോക്കൗട്ട് നടത്താനാണു തീരുമാനം. ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്ത് കേന്ദ്രത്തെ കടന്നാക്രമിക്കാനും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യാസഖ്യ യോഗം തീരുമാനിച്ചു.
- ഏറ്റവും കൂടുതൽ നികുതി നൽകുന്ന സംസ്ഥാനമായിട്ടും മഹാരാഷ്ട്രയ്ക്ക് അർഹമായ വിഹിതം ബജറ്റിൽ പ്രഖ്യാപിച്ചില്ലെന്നു ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ അവഗണിക്കപ്പെട്ടെന്നും പ്രിയങ്ക പറഞ്ഞു.
- മിക്ക സംസ്ഥാനങ്ങൾക്കും വളരെ കുറച്ചു മാത്രമേ ബജറ്റിൽ പ്രഖ്യാപിച്ചുള്ളൂവെന്നു കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ആരോഗ്യ മേഖലയിലടക്കം വലിയ പ്രതീക്ഷയാണു കേരളത്തിനുണ്ടായിരുന്നത്. അതു നിറവേറിയില്ല. ഇതുപോലെ മറ്റു സംസ്ഥാനങ്ങളും നിരാശയിലാണെന്നും തരൂർ പറഞ്ഞു.
- കർഷകർക്കു താങ്ങുവില വേണമെന്നാണു ഞങ്ങൾ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാൽ സർക്കാരിനെ രക്ഷിക്കുന്ന സഖ്യകക്ഷികൾക്കാണു ബജറ്റിൽ താങ്ങുവില പ്രഖ്യാപിച്ചതെന്നും എസ്‍പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശിനു കാര്യമായൊന്നും കിട്ടിയില്ല. ഇരട്ട എൻജിന്റെ പ്രയോജനമെന്താണെന്നും അദ്ദേഹം ചോദിച്ചു.
- ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, കെ.സി.വേണുഗോപാൽ, എസ്‌പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ട്.
- ബജറ്റിൽ കേന്ദ്ര സർക്കാർ അനീതി കാണിച്ചെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
