ലയണൽ മെസ്സിയും അന്റോണെല്ല റൊക്കൂസയും | Photo: Instagram/ Antonela Roccuzzo

കോപ്പ അമേരിക്കയിലെ കിരീട വിജയത്തിന് പിന്നാലെ അവധിക്കാലം ആഘോഷിച്ച് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി. ഭാര്യ അന്റോണെല്ല റൊക്കൂസയ്ക്കും ഇന്റര്‍ മിയാമിയ സഹതാരം ലൂയിസ് സുവാരസിനുമൊപ്പം ഫ്‌ളോറിഡയിലാണ് താരമെത്തിയത്.

ഫ്‌ളോറിഡയിലെ ബീച്ചില്‍ നിന്നെടുത്ത ചിത്രങ്ങള്‍ അന്റോണെല്ല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. പിങ്ക് നിറത്തിലുള്ള ബിക്കിനിയാണ് അന്റോണെല്ല ധരിച്ചത്. ചുവപ്പ് നിറത്തിലുള്ള സ്വിം ട്രങ്ക്‌സായിരുന്നു മെസ്സിയുടെ വേഷം. മെസ്സി പരിക്ക് പറ്റിയ കാല് കെട്ടിവെച്ചിരിക്കുന്നതും കാണാം.

സുവാരസിനെ കൂടാതെ ഭാര്യ സോഫിയ ബല്‍ബി, സോഫിയയുടെ സഹോദരിയും ബ്രസീലിയന്‍ മോട്ടോക്രോസ് റെയ്‌സറുമായ മരിയാന ബല്‍ബി, മരിയാനയുടെ ഭര്‍ത്താവ് എന്നിവരേയും ചിത്രങ്ങളില്‍ കാണാം. മെസ്സിക്കൊപ്പം ഉല്ലാസ ബോട്ടിന് മുകളിലിരിക്കുന്ന ചിത്രവും അന്റോണെല്ല പോസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് മക്കളാണ് മെസ്സിക്കും അന്റോണല്ലയ്ക്കുമുള്ളത്. പതിനൊന്ന് വയസുകാരന്‍ തിയാഗോ, ഒമ്പത് വയസുള്ള മത്യാവു, ആറു വയസുകാരന്‍ സീറോ എന്നിവരാ മക്കള്‍. ഒരു പെണ്‍കുഞ്ഞ് കൂടി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് മെസ്സി അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തന്നെ പഠിപ്പിച്ച മൂല്യങ്ങള്‍ മക്കളിലും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.