Photo: AP & AFP
ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ ഹോട്ടല്‍മുറിയില്‍ ആറുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത തുടരുന്നു. ആറുപേരുടെയും മരണം സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആരാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നോ ഇതിന്റെ കാരണം എന്താണെന്നോ പോലീസ് വ്യക്തതനല്‍കുന്നില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഗ്രാന്‍ഡ് ഹയാത്ത് ഇറവാന്‍ ഹോട്ടലിലെ മുറിയില്‍ ആറുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിയറ്റ്‌നാം സ്വദേശികളായ ഹോങ് ഫാം താങ്(49) ഭാര്യ തിങ് ഗുയേന്‍ ഫ്യുയോങ്(46) തിങ് ഗുയേന്‍ ഫ്യുയോങ് ലാന്‍(47) ദിങ് ത്രാങ് ഫു(37) വിയറ്റ്‌നാം വംശജരും അമേരിക്കന്‍ പൗരന്മാരുമായ ഷെറിനെ ചോങ്(56) ഡാങ് ഹങ് വാന്‍(55) എന്നിവരാണ് മരിച്ചത്. സയനൈഡ് കലര്‍ത്തിയ ചായ കുടിച്ചതിന് പിന്നാലെയാണ് ആറുപേരും മരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഹോട്ടല്‍മുറിയില്‍നിന്ന് മറ്റുചില തെളിവുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ജപ്പാനിലെ ആശുപത്രി, സാമ്പത്തിക തര്‍ക്കം
മരിച്ചവരില്‍ ഹോങ് ഫാം താങ്ങും തിങ് ഗ്യുയേന്‍ ഫ്യുയോങ്ങും ഭാര്യാഭര്‍ത്താക്കന്മാരാണ്. കെട്ടിടനിര്‍മാണ കമ്പനിയുടെ ഉടമകളായ ഇരുവരും ഷെറിനെ ചോങ്ങിന് നേരത്തെ 10 മില്ല്യണ്‍ ബാത്(ഏകദേശം 2.31 കോടി രൂപ) കടമായി നല്‍കിയിരുന്നു. ജപ്പാനിലെ ആശുപത്രി നിര്‍മാണവുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്താനാണ് ചോങ് ദമ്പതിമാരില്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍, അടുത്തിടെ ദമ്പതിമാര്‍ ഇവരുടെ പണം തിരികെചോദിച്ചെങ്കിലും ഷെറിനെ ചോങ്ങിന് ഇത് നല്‍കാനായില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ജപ്പാനിലെ കോടതിയില്‍ പരിഗണിക്കാനിരിക്കെയായിരുന്നു ബാങ്കോക്കിലെ കൂട്ടമരണം.

സാമ്പത്തികതര്‍ക്കം ചര്‍ച്ച ചെയ്യാനായാണ് ദമ്പതിമാരെ ഷെറിനെ ചോങ് ബാങ്കോക്കിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് നിഗമനം. ഈ ചര്‍ച്ചയ്ക്ക് മധ്യസ്ഥതയ്ക്കായാണ് തിങ് ഗ്യുയേന്‍ ഫ്യുയോങ്ങിനെ ഷെറിനെ ചോങ് വിളിച്ചുവരുത്തിയത്. എന്നാല്‍ മരിച്ചവരില്‍ ബാക്കി രണ്ടുപേര്‍ എന്തിനാണ് ഹോട്ടല്‍മുറിയില്‍ എത്തിയതെന്നതില്‍ ഇതുവരെ വ്യക്തതയില്ല.
502-ാം നമ്പര്‍ മുറിയിലെ കൂട്ടമരണം
ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ 502-ാം നമ്പര്‍ മുറിയിലാണ് ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരില്‍ നാലുപേര്‍ തമ്മില്‍ സാമ്പത്തിക ഇടപാടില്‍ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും മറ്റുരണ്ടുപേര്‍ എങ്ങനെ ഈ മുറിയിലെത്തിയെന്നതില്‍ ഇതുവരെ ഉത്തരമില്ല. ഇവരിലൊരാളായ ദിങ് ത്രാങ് വിയറ്റ്‌നാമിലെ പ്രശസ്തനായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. സിനിമാതാരങ്ങളുടെയും മോഡലുകളുടെയും മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഇയാള്‍ ജോലിയുടെ ഭാഗമായി തായ്‌ലാന്‍ഡില്‍ എത്തിയെന്നാണ് കുടുംബം പറയുന്നത്. സ്ഥിരം ഉപയോക്താക്കള്‍ക്കൊപ്പമാണ് ദിങ് തായ്‌ലാന്‍ഡിലേക്ക് പോയതെന്നും അപരിചിതര്‍ക്കൊപ്പമല്ലെന്നും കുടുംബം കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. പക്ഷേ, മരിച്ച മറ്റുള്ളവരുമായി ഇയാള്‍ക്കുള്ള ബന്ധം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
മരിച്ച ആറുപേര്‍ക്കൊപ്പം ഏഴാമതൊരാള്‍ കൂടി ഇവര്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇത് മരിച്ചവരില്‍ ഒരാളുടെ സഹോദരിയാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, കൂട്ടമരണം സംഭവിക്കുന്നതിന് ഒരാഴ്ച മുന്‍പ് ഇവര്‍ തിരികെ വിയറ്റ്‌നാമിലേക്ക് പോയതായും യുവതിക്ക് ഈ സംഭവത്തില്‍ പങ്കില്ലെന്നുമാണ് പോലീസിന്റെ പ്രതികരണം.
അഞ്ച് മുറികള്‍, എല്ലാവരും ഒരുമുറിയിലെത്തി
കഴിഞ്ഞ വാരാന്ത്യത്തിലാണ് മരിച്ച ആറുപേരും ഹോട്ടലില്‍ മുറിയെടുത്തത്. അഞ്ച് വ്യത്യസ്ത മുറികളിലായിരുന്നു ഇവരുടെ താമസം. ഇതില്‍ നാല് മുറികളും ഹോട്ടലിന്റെ ഏഴാംനിലയിലായിരുന്നു. മറ്റൊരെണ്ണം അഞ്ചാംനിലയിലും.
കൂട്ടമരണം നടന്ന 502-ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്നത് ഷെറിനെ ചോങ് ആയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തതിന് പിന്നാലെ ബാക്കി അഞ്ചുപേരും 502-ാം മുറിയിലെത്തിയിരുന്നു. രാത്രിയോടെ ഇവരെല്ലാം സ്വന്തം മുറികളിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതലാണ് ഹോട്ടലില്‍ നാടകീയമായ പലസംഭവങ്ങളും അരങ്ങേറിയത്.

തിങ്കളാഴ്ച ഉച്ചയോടെ ഡാങ് ഹങ് വാന്‍ ആറ് ചായയും മേക്കപ്പ് ആര്‍ട്ടിസ്റ്റായ ദിങ് ഫു ഒരു ഫ്രൈഡ്‌റൈസും ഓര്‍ഡര്‍ ചെയ്തിരുന്നു. വ്യത്യസ്ത മുറികളില്‍ താമസിച്ചിരുന്ന ഇരുവരും ഭക്ഷണം കൃത്യം രണ്ടുമണിക്ക് 502-ാം നമ്പര്‍ മുറിയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു നിര്‍ദേശിച്ചത്. തുടര്‍ന്ന് രണ്ടുമണിയാകാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ഹോട്ടല്‍ ജീവനക്കാരന്‍ ഭക്ഷണവുമായി 502-ാം നമ്പര്‍ മുറിയിലെത്തി. ഈ സമയം ചോങ് മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. വളരെ കുറച്ച് മാത്രമാണ് ഇവര്‍ സംസാരിച്ചതെന്നും എന്തോ മാനസികസംഘര്‍ഷമുണ്ടെന്ന് തോന്നിയിരുന്നതായും ജീവനക്കാരന്റെ മൊഴിയില്‍ പറയുന്നു.
ഭക്ഷണം എത്തിച്ചതിന് പിന്നാലെയാണ് ബാക്കി അഞ്ചുപേരും 502-ാം നമ്പര്‍ മുറിയിലെത്തിയതെന്നാണ് നിഗമനം. ഏകദേശം 2.17-ഓടെ ഇവരെ മുറിക്ക് പുറത്ത് കണ്ടിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് ആറുപേരും അകത്തേക്ക് പോവുകയും മുറിയുടെ വാതിലടയ്ക്കുകയുംചെയ്തത്. ഇതിനുശേഷം മുറിയ്ക്കുള്ളില്‍നിന്ന് ആരും പുറത്തുവന്നിട്ടില്ല.
ഹോട്ടലില്‍ തങ്ങിയിരുന്ന ആറുപേരും തിങ്കളാഴ്ച ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിറ്റേദിവസമായിട്ടും ഇവരെ കാണാതായതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെ പോലീസെത്തി മുറിയുടെ വാതില്‍തുറന്ന് അകത്ത് പ്രവേശിച്ചതോടെയാണ് ആറുപേരെയും നിലത്ത് മരിച്ചുകിടക്കുന്നനിലയില്‍ കണ്ടെത്തിയത്.
ചായക്കപ്പുകള്‍, തൊടാതെ ഭക്ഷണം
ചുണ്ടുകളും നഖങ്ങളും കടുംനീല നിറത്തിലായ നിലയിലാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ സയനൈഡ് ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ചായയില്‍ സയനൈഡ് കലര്‍ത്തിയിരുന്നതായും പരിശോധനയില്‍ തെളിഞ്ഞു. അതേസമയം, ഇവര്‍ ഓര്‍ഡര്‍ ചെയ്തിരുന്ന ഭക്ഷണം ആരും കഴിച്ചിരുന്നില്ല. ഇതെല്ലാം കൊണ്ടുവന്നത് പോലെ തന്നെ മുറിയിലുണ്ടായിരുന്നു.
മരണവെപ്രാളത്തില്‍ രണ്ടുപേര്‍ മുറിയുടെ വാതില്‍ തുറക്കാന്‍ശ്രമിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വാതിലിനടുത്തേക്ക് നീങ്ങിയെങ്കിലും ഇവര്‍ക്ക് അതിനുകഴിഞ്ഞില്ലെന്നാണ് പോലീസിന്റെ നിഗമനം.
അവരില്‍ ഒരാളാണെന്ന് പോലീസ്, പക്ഷേ, ആര്?
മരിച്ചവരില്‍ ഒരാളാണ് ബാക്കിയുള്ളവരെയും സയനൈഡ് കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലയ്ക്കും ആത്മഹത്യയ്ക്കും കാരണമായതെന്നും പോലീസ് കരുതുന്നു. പക്ഷേ, ഈ ഒരാള്‍ ആരാണെന്ന് മാത്രം പോലീസ് ഇതുവരെ പറഞ്ഞിട്ടില്ല.
അതേസമയം, ഷെറിനെ ചോങ് ആണ് അഞ്ചുപേരെയും കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് വിയറ്റ്‌നാമീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇവരുടെ നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ കഴിയാതിരുന്നതോടെയാണ് ചോങ് സയനൈഡ് കൂട്ടക്കൊല നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക തര്‍ക്കം ചര്‍ച്ചചെയ്യാനും പ്രശ്‌നപരിഹാരത്തിനുമായാണ് അഞ്ചുപേരെയും ചോങ് ബാങ്കോക്കിലേ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇത് പരാജയപ്പെട്ടതോടെയാണ് സയനൈഡ് കലര്‍ത്തിനല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ, മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയ ഫ്യുയോങ് ലാന്‍ ബാങ്കോക്കിലെ ടൂര്‍ ഗൈഡ് മുഖേന ഒരു മരുന്ന് വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാമ്പിന്‍രക്തം ഉള്‍പ്പെടുന്ന ഒരു പരമ്പരാഗത മരുന്നാണ് ഇവര്‍ വാങ്ങിയത്. മുട്ടുവേദനയ്ക്കാണെന്ന് പറഞ്ഞാണ് ഇത് വാങ്ങാന്‍ പറഞ്ഞതെന്നും ടൂര്‍ ഗൈഡ് മൊഴി നല്‍കിയിട്ടുണ്ട്. ഈ രണ്ട് മരുന്നുകുപ്പികളും 502-ാം നമ്പര്‍ മുറിയിലുണ്ടായിരുന്നതായാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
അന്വേഷണം
ഹോട്ടലിലെ കൂട്ടമരണത്തില്‍ തായ്‌ലാന്‍ഡ് പോലീസിനൊപ്പം വിയറ്റ്‌നാമും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തായ് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ച് അന്വേഷണം നടത്താന്‍ വിയറ്റ്‌നാം പ്രധാനമന്ത്രി ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
