കൃഷ്ണ തങ്കപ്പൻ
നെയ്യാറ്റിൻകര (തിരുവനന്തപുരം) : കുത്തിവെയ്പിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ സമരം ചെയ്ത വീട്ടുകാർക്ക് എ.ഡി.എം. നൽകിയ ഉറപ്പ് പാലിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ലെന്ന് പരാതി. ഡി.എച്ച്.എസിലെയും ഡി.എം.ഒ.യിലെയും ഡോക്ടർമാരെ കൊണ്ട് അന്വേഷിക്കുമെന്നും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുമെന്നും എ.ഡി.എം. രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിനുള്ള നടപടികൾ തിങ്കളാഴ്ച ആരോഗ്യവകുപ്പ് സ്വീകരിച്ചില്ലെന്നാണ്. പകരം ആശുപത്രി ഡി.എം.ഒ.യുടെ റിപ്പോർട്ട് ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.
വയറുവേദനയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ മച്ചേൽ സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് കുത്തിവെയ്പിനെ തുടർന്ന് ആറു ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞശേഷം മരിച്ചത്. ചികിത്സാപ്പിഴവാണെന്നും ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കളും കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകരും സമരം നടത്തിയിരുന്നു.
ഈ സമരത്തെ തുടർന്ന് എ.ഡി.എം. പ്രേംജി സ്ഥലത്തെത്തി ബന്ധുക്കൾക്ക് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. മെഡിക്കൽ ബോർഡ് കൂടി ചികിത്സാപ്പിഴവുണ്ടോയെന്ന് കണ്ടെത്താനും നടപടിയുണ്ടായിട്ടില്ല. അതിനിടെ കൃഷ്ണ തങ്കപ്പനെ ചികിത്സിച്ച സർജറി വിഭാഗത്തിലെ ഡോ.വിനുവിന് ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്ന നിലപാടാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നതെന്നറിയുന്നു. ചികിത്സാപ്പിഴവിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുസംബന്ധിച്ച് ശാസ്ത്രീയനിഗമനത്തിലെത്തേണ്ടത് മെഡിക്കൽ ബോർഡാണ്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചാലെ പോലീസിന് തുടർ നടപടി സ്വീകരിക്കാനാകൂ.
ചികിത്സാപ്പിഴവിനെ തുടർന്നുള്ള മരണം സംഭവിച്ചതിനാൽ നഷ്ടപരിഹാരത്തിനായി സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നഷ്ടപരിഹാരം നൽകാൻ നടപടി ഉണ്ടായിട്ടില്ലെന്നും സർക്കാർ പ്രതിനിധികളാരും ഇക്കാര്യമന്വേഷിച്ച് വീട്ടിലെത്തിയില്ലെന്നും കൃഷ്ണ തങ്കപ്പന്റെ ഭർത്താവ് ശരത് പ്രതികരിച്ചു.
കൊണ്ടുപോയത് രേഖകളുടെ പകർപ്പ്
ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയെ തുടർന്ന് ഞായറാഴ്ച ജനറൽ ആശുപത്രിയിൽനിന്ന് കൃഷ്ണ തങ്കപ്പനെ ചികിത്സിപ്പിച്ച രേഖകളുടെ പകർപ്പ് മാത്രമാണ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ കൊണ്ടുപോയതെന്ന് ഡി.എച്ച്.എസ്. ഡോ.റീന വ്യക്തമാക്കി. ചികിത്സാരേഖകളുടെ ഒറിജിനൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ചികിത്സാപ്പിഴവ് സംബന്ധിച്ച് ഡി.എം.ഒ.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചശേഷം വിദഗ്ധരുടെ സംഘം അന്വേഷിക്കും. തുടർന്ന് മെഡിക്കൽ ബോർഡിന്റെ ശുപാർശ ലഭിക്കും. ഇതിന് ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കാനാകൂയെന്നും ഡോ. റീന പ്രതികരിച്ചു. ചികിത്സാപ്പിഴവിൽ ജീവനക്കാർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ സംരക്ഷിക്കില്ലെന്നും അവർ വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ കുറ്റകരമായ അനാസ്ഥ- വി.ഡി.സതീശൻ
ചികിത്സാപ്പിഴവിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ കുറ്റകരമായ അനാസ്ഥയുണ്ടെന്നും ഇതിനെതിരേ ശക്തമായ നടപടിയും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് കൃഷ്ണയുടെ മലയിൻകീഴ് മണപ്പുറം കുണ്ടൂർക്കോണം അമ്പറത്തലയ്ക്കൽ ശരത്‌ഭവനിലെത്തിയ പ്രതിപക്ഷ നേതാവ് കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണിത് പറഞ്ഞത്.
കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, മലയിൻകീഴ് വേണുഗോപാൽ, ആർ.വി.രാജേഷ്, എം.മണികണ്ഠൻ, എം.ആർ.ബൈജു, എൽ.അനിത, വി.രമകുമാരി, എൻ.ഷാജി, മലവിള ബൈജു എന്നിവരും ഒപ്പമുണ്ടായിരുന്നു.
സമഗ്രാന്വേഷണം വേണം-രമേശ് ചെന്നിത്തല
കൃഷ്ണ തങ്കപ്പന്റെ മരണത്തിനു കാരണമായ ചികിത്സാപ്പിഴവ് പരിശോധിക്കുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൃഷ്ണയുടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി.
ആരോഗ്യമന്ത്രിയുമായും ഡി.ജി.പി.യുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു. നഷ്ടപരിഹാരത്തിനൊപ്പം കുടുംബാംഗത്തിന് ജോലി നൽകണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ട രമേശ് രേഖകളിൽ കൃത്രിമം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതിനാൽ ശക്തമായ അന്വേഷണം വേണമെന്ന് ഡി.ജി.പി.യോടും പറഞ്ഞു.
മരണം ദുരൂഹ സാഹചര്യത്തിൽ-വി.മുരളീധരൻ
കൃഷ്ണ തങ്കപ്പന്റെ മരണം ദുരൂഹ സാഹചര്യത്തിലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ച കൃഷ്ണയുടെ മലയിൻകീഴിലെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം നടത്തുന്നതിനു മുൻപ് ആരോഗ്യമന്ത്രി ഡോക്ടർക്ക് ക്ലീൻ ചിറ്റ് നൽകിയത് ശരിയല്ല. മെഡിക്കൽ രേഖകളിൽ കൃത്രിമം കാട്ടിയത് ഗുരുതരമായ കുറ്റകൃത്യമാണ്. മൂന്നുവയസ്സുള്ള കുഞ്ഞിന് അമ്മയെ നഷ്ടപ്പെട്ടു.
കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, നേതാക്കളായ മുക്കംപാലമൂട് ബിജു, മലയിൻകീഴ് രാധാകൃഷ്ണൻ, പള്ളിച്ചൽ ബിജു, കുന്നുവിള സുധീഷ്, മുക്കുനട സജി, ഗിരീശൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
