രാഹുൽ ഗാന്ധി, നിർമല സീതാരാമൻ |ഫോട്ടോ:PTI,ANI
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. കുര്‍സി ബച്ചാവോ ബജറ്റ് (കസേര സംരക്ഷിക്കാനുള്ള ബജറ്റ്) എന്നാണ് രാഹുല്‍ ഇതിനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയും മുന്‍ ബജറ്റുകളും കോപ്പിയടിച്ചെന്നും രാഹുല്‍ എക്‌സിലൂടെയുള്ള പ്രതികരണത്തില്‍ കുറിച്ചു.
‘കസേര സംരക്ഷിക്കാനുള്ള ബജറ്റ്, സഖ്യകക്ഷികളെ പ്രീണിപ്പിക്കാനായി മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ അവര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക’ രാഹുല്‍ എക്‌സിൽ കുറിച്ചു.
അദാനിയേയും അംബാനിയേയും പ്രീതിപ്പെടുത്തുന്ന ബജറ്റാണെന്നും ഇരുവരുടേയും പേര് പരാമര്‍ശിക്കാതെ രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ‘ക്രോണികളെ പ്രീതിപ്പെടുത്തുക: സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് ആശ്വാസം നല്‍കാതെയാണ് ‘AA’കള്‍ക്കുള്ള ആനുകൂല്യങ്ങള്‍.
മറ്റു കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് പ്രകടന പത്രിക നിര്‍മല സീതാരാമന്‍ കോപ്പിയടിച്ചെന്ന് ആരോപിച്ചു.
‘തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ധനമന്ത്രി 2024-ലെ കോണ്‍ഗ്രസ് ലോക്‌സഭാ പ്രകടനപത്രിക വായിച്ചുവെന്നറിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ പേജ് 30-ല്‍ പറഞ്ഞിരിക്കുന്ന തൊഴില്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (ELI) ബജറ്റില്‍ അതേപടി തിരഞ്ഞെടുത്തതില്‍ അതിലേറെ സന്തോഷമുണ്ട്. കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ 11-ാം പേജില്‍ പറഞ്ഞിരിക്കുന്ന അപ്രന്റീസ്ഷിപ്പ് പദ്ധതി അവതരിപ്പിച്ചതിലും ഞാന്‍ സന്തോഷവാനാണ്. കോണ്‍ഗ്രസ് മാനിഫെസ്റ്റോയിലെ മറ്റുചില ആശയങ്ങള്‍ കൂടി ധനമന്ത്രി എഫ്എം പകര്‍ത്തിയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എക്‌സില്‍ കുറിച്ചു.
