കിം ജോങ് ഉൻ പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തുന്നു | Photo: AFP

ലോകത്തേറ്റവും നിഗൂഢമായ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിദേശ സഞ്ചാരികളെ ഉള്‍പ്പടെ രാജ്യത്തെക്ക് ആകര്‍ഷിക്കാനാണ് ഉത്തരകൊറിയയുടെ തീരുമാനം. ഇതിനായി വോന്‍സാന്‍-കല്‍മ തീരദേശത്ത് സര്‍ക്കാര്‍ നിർമിച്ചുകൊണ്ടിരിക്കുന്ന ടൂറിസ്റ്റ് സോണിന്റെ നിർമാണം പൂര്‍ത്തിയായി. ഇത് അടുത്ത വര്‍ഷം ആദ്യത്തോടെ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നും സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വോന്‍സാന്‍-കല്‍മ പ്രൊജക്ട് ആരംഭിച്ചത്. ബീച്ചുകളോട് ചേര്‍ന്നുള്ള ലക്ഷ്വറി ഹോട്ടലുകളുടെയും സുഖവാസ കേന്ദ്രങ്ങളുടെയും നിരയാണ് ഈ പ്രൊജക്ടിന്റെ ഭാഗമായി നിർമാണം പൂര്‍ത്തിയാക്കിയത്. നേരത്തെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധം മൂലം നിര്‍മ്മാണ സാമഗ്രികളൊന്നും ലഭിക്കാത്തതിനാല്‍ ഈ പ്രൊജക്ടിന്റെ നിര്‍മ്മാണം നിന്നുപോയിരുന്നു.

കിമ്മും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വോന്‍സാന്‍-കല്‍മ പ്രൊജക്ട് പ്രദേശത്ത് സന്ദര്‍ശനം നടത്തി. 2025 മെയ് മാസത്തോടെ പദ്ധതി സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി കൊറിയന്‍ സെന്‍ട്രന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് റിസോര്‍ട്ടാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കിം അഭിപ്രായപ്പട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തുള്ള പ്രദേശത്താണ് വോന്‍സാന്‍-കല്‍മ തീരദേശ ടൂറിസ്റ്റ് സോണ്‍ നിര്‍മിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ കൂടിയാണ് ഈ നീക്കം. യഥാര്‍ഥത്തില്‍ ഇത് 2018ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയായിരുന്നു.

രാജ്യത്തെത്തുന്ന വിദേശസഞ്ചാരികള്‍ക്കുള്ള ഒരു സമ്പൂര്‍ണ വിനോദസഞ്ചാര കേന്ദ്രമായാണ് കിം ജോങ് ഉന്‍ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികളെയാണ് കിം പ്രധാനമായും ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സര്‍ക്കാരിന്റെ കര്‍ശനമായ നിയന്ത്രണത്തിലാണ് ഉത്തരകൊറിയയില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൊറിയന്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ കമ്പനി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് ഇതിനുള്ള അനുമതിയുള്ളത്.

സാങ്കേതികമായി ഏത് രാജ്യത്ത് നിന്നുള്ള സഞ്ചാരിക്കും ഉത്തരകൊറിയ സന്ദര്‍ശിക്കാം. എന്നാല്‍ ഉത്തരകൊറിയയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വലിയൊരു വിഭാഗവും ചൈനീസ്, റഷ്യന്‍ പൗരന്‍മാരാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തുന്നത് നിലവില്‍ വളരെ കുറവാണ്. വിദേശ സഞ്ചാരികളും തദ്ദേശീയരും തമ്മിലുള്ള ഇടപെടലുകള്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്‍സിയും സര്‍ക്കാരും അനുമതി നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ മാത്രമേ വിദേശികള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ളു.

അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത് സുരക്ഷിതമല്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ഉത്തരകൊറിയയിലെത്തിയ അമേരിക്കന്‍ സഞ്ചാരികള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വരെ ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത്. ബെയ്ജിങ്, ഷാങ്ഹായ് തുടങ്ങിയ ചൈനീസ് നഗരങ്ങളില്‍ നിന്ന് ഉത്തരകൊറിയയിലേക്ക് വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുമുണ്ട്.