ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം
മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയെ പരിഗണിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെ, സമൂഹമാധ്യമങ്ങളിൽ വൈറലായി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 2023ലെ ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരുക്കുമായുള്ള പോരാട്ടം സൂചിപ്പിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നത് ഉൾപ്പെടെയുള്ള ഹാർദിക്കിന്റെ വാക്കുകളാണ് ചർച്ചയായത്.
‘‘2023 ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരുക്കിൽനിന്ന് മുക്തി തേടിയുള്ള യാത്ര ദുഷ്കരമായിരുന്നു. പക്ഷേ, 2024ലെ ലോകകപ്പ് വിജയത്തോടെ ആ ശ്രമങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചാൽ തീർച്ചയായും അതിന്റെ ഫലം ലഭിച്ചിരിക്കും. കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ല. നമ്മുടെ കായികക്ഷമത മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യാം’ – പാണ്ഡ്യ കുറിച്ചു.
